പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു


പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; പരാതി…
പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ അൻപത് ഗ്രാമിലധികം തൂക്കം വരുന്ന പഞ്ഞി മറന്ന് വച്ചതായി പരാതി. എടത്തറ സ്വദേശിനി ഷബാനയാണ് സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെ പൊലീസിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയത്. ചികിൽസാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈമാസം ഒൻപതിനാണ് പ്രസവത്തിനായി ഷബാന ആശുപത്രിയിലെത്തിയത്. വൈകീട്ട് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ ഷബാനയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. രാവിലെ ശുചിമുറിയിൽ പോയ സമയത്താണ് അൻപത് ഗ്രാം തൂക്കം വരുന്ന പഞ്ഞി ശരീരത്തിൽ നിന്നും പുറത്തേക്ക് പോയത്.
ശസ്ത്രക്രിയ സമയത്തുണ്ടായ പിഴവെന്ന് കാട്ടിയാണ് ഷബാനയുടെ കുടുംബം പരാതി നൽകിയത്. പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയ സമയത്ത് ചിലർക്കുണ്ടാകുന്ന അമിത രക്തസ്രാവം നിയന്ത്രിക്കാൻ ചെയ്യുന്ന സ്വാഭാവിക നടപടി മാത്രമാണ് ഷബാനയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ. യുവതിയുടെയും കുടുംബത്തിന്റെയും പരാതി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.