തങ്കയ്യ ഗുഹ; പണ്ട് പേടിസ്വപ്നം, ഇന്ന് മൂത്രപ്പുര
മൂന്നാര്‍: മൂത്രവിസര്‍ജന കേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡിലെ ഐതിഹ്യമുറങ്ങുന്ന തങ്കയ്യ ഗുഹ. നൂറ്റാണ്ടുകള്‍ക്കുമുമ്ബ് തമിഴ്നാട്ടില്‍നിന്ന് മൂന്നാര്‍ വഴി കടന്നുപോയിരുന്ന വര്‍ത്തക സംഘങ്ങളെ കൊള്ളയടിച്ചിരുന്ന തങ്കയ്യ എന്ന കള്ളന്‍റെ ഒളിയിടമായിരുന്നു ഈ ഗുഹ എന്നാണ് ഐതിഹ്യം. കൊള്ളമുതല്‍ നിര്‍ധനര്‍ക്ക് പങ്കുവെച്ചിരുന്ന ഇയാള്‍ നാട്ടുകാര്‍ക്ക് നല്ലവനായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. ഗ്യാപ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോഴും പാതയോരത്തെ ഈ ഗുഹ സംരക്ഷിക്കപ്പെട്ടു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളില്‍ കൗതുകവും ആകാംക്ഷയും പകരുന്നതാണിത്.
ഒട്ടേറെ സഞ്ചാരികള്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന ഇടമാണ് എപ്പോഴും കോടമഞ്ഞ് മൂടിക്കിടക്കുന്ന ഗ്യാപ് റോഡ്. തുറസ്സായ ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാൻ സൗകര്യമില്ലാത്തതിനാല്‍ സഞ്ചാരികള്‍ മുതല്‍ വഴിയോര കച്ചവടക്കാര്‍ വരെ മൂത്രവിസര്‍ജനത്തിന് മറവ് കണ്ടെത്തുന്നത് തങ്കയ്യയുടെ ഈ ഒളിയിടത്തിലാണ്. ഇതുമൂലം ദുര്‍ഗന്ധം വമിക്കുന്ന ഗുഹയുടെ കവാടത്തില്‍പോലും ആളുകള്‍ക്ക് നില്‍ക്കാനാവാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് ശുചിമുറി സൗകര്യം ഒരുക്കിയാല്‍ ഇവിടെ എത്തുന്നവര്‍ക്ക് ആശ്വാസമാവും, ഒപ്പം ഗുഹയെ സംരക്ഷിക്കാനുമാവും.