മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി ഒളിവില്‍
ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഇടുക്കി നെറ്റിത്തൊഴു കൊച്ചറ സ്വദേശി വെള്ളമറ്റം വീട്ടില്‍ ടോണി ജോസ് (43) വയസ് ഒളിവില്‍. ജൂണ്‍ 2നാണ് ഇയാള്‍ക്കെതിരെ കൊച്ചി കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ സഹോദരനും ഒളിവിലാണെന്നതില്‍ സംശയമുണ്ട്. വീഡിയോ എഡിറ്ററായി കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നാണ് യുവതിയോട് പറഞ്ഞത്. ഇപ്പോള്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയും ജോലി ചെയ്യുന്നു.
മതേതര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സെക്കുലര്‍ മാട്രിമോണിയല്‍ പ്ലാറ്റ് ഫോമില്‍ യുവതി വിവാഹ പരസ്യം നല്‍കിയത് കണ്ടിട്ട് കഴിഞ്ഞ നവംബര്‍ 17ന് ഇയാള്‍ മാട്രിമോണിയല്‍ വഴി യുവതിയുടെ നമ്പര്‍ ശേഖരിക്കുകയും വീട്ടുകാരെ ഉള്‍പ്പെടെ വിളിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരും ഇയാളുടെ വീട്ടില്‍ പോയി വാക്കുറപ്പിച്ചു. ആലോചന വന്ന സമയത്ത് യുവതിയും പ്രതിയും കൊച്ചിയില്‍ ആണ് ജോലി ചെയ്തിരുന്നത്. യുവതിയുടേത് രണ്ടാം വിവാഹമായിരുന്നു. ഒറ്റക്ക് താമസിക്കുന്ന യുവതിയുടെ വിശ്വാസം ആര്‍ജിച്ചെടുത്ത് ഇയാള്‍ അവരുടെ പിറന്നാളിന് കേക്കുമായി ചെന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആപ്ലിക്കേഷന്‍ കൊടുക്കാനെന്ന വ്യാജേന ഇയാള്‍ കട്ടപ്പന രജിസ്റ്റര്‍ ഓഫീസിലെത്തി യുവതിയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയവും കഴിഞ്ഞപ്പോള്‍ യുവതി സംശയം തോന്നി കട്ടപ്പന രജിസ്റ്റര്‍ ഓഫീസറെ വിളിച്ചു ചോദിക്കുമ്പോഴാണ് അങ്ങനെയൊരു ആപ്ലിക്കേഷന്‍ വന്നിട്ടില്ലെന്ന് മനസിലായത്. ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പള്ളിയിലെ വികാരിയച്ചന്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. യുവതി പള്ളി വികാരിയോട് സംസാരിച്ചപ്പോഴാണ് അങ്ങനെയൊരു കാര്യം പള്ളിയിലും എത്തിയിട്ടില്ലെന്ന് മനസിലായത്. ഇതോടെ ചതിക്കപ്പെട്ടുവെന്ന് മനസിലായ യുവതി വനിതാ കമ്മീഷനെ സമീപിച്ചു. പ്രശ്‌നം കോടതിയുടെ പരിഗണനയിലേക്ക് വിടാന്‍ വനിതാ കമ്മീഷണന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതി കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇയാള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറും ഫോണും മാറ്റിയതായി മനസിലായത്. കടവന്ത്ര എസ് ഐ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇയാള്‍ ഒളിവില്‍ പോയെന്ന് കരുതുന്ന കഴിഞ്ഞ ഞായറാഴ്ച (4.06.2023) തിയതിയില്‍ ഇയാളുടെ ബന്ധു വാട്‌സ് ആപ്പ് വഴി യുവതിയെ അസഭ്യം പറഞ്ഞതിനും യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.