അധികൃതരുടെ നോട്ടീസിന് പുല്ലുവില കല്‍പിച്ച് മൂന്നാര്‍ റോഡില്‍ കുതിര സവാരി
മൂന്നാര്‍: അധികൃതരുടെ നോട്ടീസിന് പുല്ലുവില കല്‍പിച്ച് മൂന്നാര്‍ റോഡില്‍ കുതിര സവാരി.. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണി ഉയര്‍ത്തിയും വാഹന ഗതാഗതം തടസ്സപ്പെടുത്തിയുമാണ് മൂന്നാറില്‍ റോഡിലൂടെയുള്ള കുതിരസവാരി തുടരുന്നത്. മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡില്‍ ഫോട്ടോപോയന്റ്, കൊരണ്ടക്കാട് എന്നിവിടങ്ങളിലാണ് 40ഓളം കുതിരകളെ റോഡില്‍ അഴിച്ചുവിട്ടിരിക്കുന്നത്.
ഇവയെ കെട്ടിയിടുന്നതും മേയാൻ അഴിച്ചുവിടുന്നതും ആളുകളെ കയറ്റി സവാരി നടത്തുന്നതും റോഡിലാണ്. ജനങ്ങള്‍ക്ക് ഭീഷണിയായതിനെത്തുടര്‍ന്ന് റോഡിലെ സവാരി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മേയ് അഞ്ചിന് ദേവികുളം പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തില്‍നിന്നോ മൃഗസംരക്ഷണ വകുപ്പില്‍നിന്നോ അനുമതിയില്ലാതെയാണ് കുതിര സവാരിയെന്നും പൊലീസിന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുവര്‍ഷം മുമ്ബ് മേയാൻ അഴിച്ചുവിട്ട കുതിര പ്രദേശവാസിയായ കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവം ഉണ്ടായി. കുതിരകളുടെ തോഴിയേറ്റ് നാല് കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. പൊലീസ് നോട്ടീസ് നല്‍കി ഒരുമാസം പിന്നിട്ടിട്ടും റോഡിലെ കുതിരസവാരി ഇപ്പോഴും തുടരുന്നതില്‍ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.