‘അരിസിക്കൊമ്പനെ ഇങ്കേ വേണ്ട’ പ്രതിഷേധവുമായി പേച്ചിപ്പാറ നിവാധികൾ, അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് ചിന്നക്കനാലുകാർ
ഇടുക്കി: കമ്പം ജനവാസമേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് തിമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടി മുത്തുകുളി വനത്തില്‍ തുറന്നുവിട്ടത്. ഇപ്പോഴിതാ ഇതില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പേച്ചിപ്പാറയിലെ വനവാസി സമൂഹം. അരിക്കൊമ്ബനെ കേരളത്തിലേയ്‌ക്ക് തന്നെ തിരികെ കൊണ്ടുപോകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്ബനെ അപ്പര്‍ കോതയാര്‍ മുത്തുകുളി വനമേഖലയിലാണ് തുറന്നു വിട്ടത്. നിലവില്‍ അരിക്കൊമ്ബൻ കോതയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്താണുള്ളത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അരിക്കൊമ്ബനെ തേനിയില്‍ നിന്ന് പിടികൂടിയത്. ശേഷം തിരുനെല്‍വേലി ജില്ലയിലെ മണിമുത്താര്‍ വനത്തിലേക്ക് ട്രക്കില്‍ എത്തിക്കുകയും അവിടെ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ കോതയാര്‍ മുത്തുകുളി വനത്തില്‍ തുറന്നുവിടുകയുമായിരുന്നു. തുടര്‍ന്നാണ് പേച്ചിപ്പാറയ്‌ക്ക് സമീപത്ത് താമസിക്കുന്ന വനവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആനയെ ഈ പ്രദേശത്ത് തുറന്നു വിട്ടാല്‍ കൃഷി ഭൂമിയും ജനവാസമേഖലയും നശിപ്പിക്കുമെന്നും അതിനാല്‍ ആനയെ ഇവിടെ നിന്നും മാറ്റണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ആനയെ കേരളത്തിലേയ്‌ക്ക് തന്നെ തിരികെ കൊണ്ടു പോകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം
അതേസമയം അരിക്കൊമ്ബനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണം എന്നാവശ്യവുമായി ഇടുക്കി ചിന്നകനാലില്‍ ഗോത്ര ജനതയുടെ നേതൃത്വത്തില്‍ സൂചനാ സമരം നടന്നിരുന്നു. സൂചന സമരത്തില്‍ വനവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ജനങ്ങളാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്ബന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ വീണ്ടും നടപടികളുണ്ടായാല്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ പറയുന്നു. തുടര്‍ച്ചയായ മയക്കു വെടികളും കാട് മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. ആന ജനിച്ചു വളര്‍ന്ന മതികെട്ടാൻ വനമേഖലയിലേക്ക് തന്നെ തിരികെ എത്തിയ്‌ക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് ചിന്നക്കനാലുകാരുടെ ആവശ്യം.