ഇന്ത്യ ഓള്‍ ഔട്ടായെന്ന് കരുതി ഗ്രൗണ്ട് വിട്ടു,വീണ്ടും തിരിച്ചിറങ്ങിയ ഓസീസ് താരങ്ങള്‍ക്ക് ഓവലില്‍ കൂവല്‍
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അജിങ്ക്യാ രഹാനെയും ഷാര്‍ദ്ദുല്‍ താക്കൂറിും നടത്തിയ പോരാട്ടം ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഓസ്ട്രേലിയക്ക് തന്നെയാണ് ഇപ്പോഴും ആധിപത്യം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടിയായി മൂന്നാം ദിനം 151-5 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ 89 റണ്‍സടിച്ച രഹാനെയും 51 റണ്‍സ് നേടിയ താക്കൂറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. 296 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്ത ഓസ്ട്രേലിയക്ക് ഇപ്പോള്‍ 296 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
മൂന്നാം ദിനം 89 റണ്‍സെടുത്തശേഷം ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പറക്കും ക്യാച്ചില്‍ രഹാനെ പുറത്താവുമ്പോഴും ഇന്ത്യക്ക് ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ എട്ട് റണ്‍സ് കൂടി വേണമായിരുന്നു. ഉമേഷ് യാദവും ഷാര്‍ദ്ദുല്‍ താക്കൂറും ചേര്‍ന്ന് ഫോളോ ഓണ്‍ ഭീഷണി മറികടത്തിയെങ്കിലും പിന്നാലെ ഉമേഷിനെ കമിന്‍സ് മടക്കി. പിന്നെ മുഹമ്മദ് ഷമിയും ഷാര്‍ദ്ദുലും ചേര്‍ന്ന് 23 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസ് ലീഡ് കുറച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗ്രീനിന്‍റെ പന്തില്‍ ഷാര്‍ദ്ദുല്‍ പുറത്തായതോടെ അവസാന ബാറ്ററായ മുഹമ്മദ് സിറാജ് ക്രീസിലെത്തി. ഗ്രീനിന്‍റെ ആദ്യ പന്ത് ലീവ് ചെയ്ത സിറാജ് പക്ഷെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ വധിച്ചു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ ഓസീസ് താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാനായി വീണ്ടും ഗ്രൗണ്ടിലിറങ്ങേണ്ടിവന്നു. കയറിപ്പോയി തിരിച്ചത്തിയ ഓസീസ് താരങ്ങളെ ഓവലിലെ കാണികള്‍ കൂവലോടെയാണ് എതിരേറ്റത്. തിരിച്ചെത്ത ഓസീസ് താരങ്ങള്‍ക്ക് പിന്നീട് അഞ്ച് പന്ത് കൂടിയെ ഫീല്‍ഡ് ചെയ്യേണ്ടിവന്നുള്ളു എന്നാശ്വസിക്കാം. ടോട്ടലിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഷമി പുറത്തായതോടെ ഇന്ത്യ ഓള്‍ ഔട്ടായി.