നമ്പര്‍ പ്ലേറ്റിലെ സ്‍ക്രൂവില്‍ എഐ ക്യാമറയ്ക്ക് ‘വര്‍ണ്യത്തിലാശങ്ക’, നോട്ടീസയക്കാൻ എംവിഡിക്ക് പേടി!
സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ് ക്യാമറ സ്ഥാപിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പദ്ധതി സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങളിലും അവയെ വിലയിരുത്തി നോട്ടിസ് അയക്കുന്ന എന്‍ഐസി സംവിധാനത്തിലും പ്രശ്‌നങ്ങളുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളിലെ നമ്പറുകള്‍ മാത്രമേ വ്യക്തമായി ക്യാമറയില്‍ പതിയുന്നുള്ളൂ എന്നാണ് വിവരം. പഴയ രീതിയിലെ നമ്പര്‍ പ്‌ളേറ്റുകള്‍ വലിയ തലവേദനയാണ് ഉദ്യോഗസ്ഥര്‍ക്ക് സൃഷ്‍ടിക്കുന്നത്. ഈ നമ്പര്‍ പ്ലേറ്റുകളില്‍ ഒരു സ്‌ക്രൂവോ മറ്റോ ഉണ്ടെങ്കില്‍ അത് പൂജ്യമായി ക്യാമറ വിലയിരുത്തുന്നത് മോട്ടോര്‍വാഹന വകുപ്പിന് തലവേദനയാകുന്നു. അതുകൊണ്ടുതന്നെ ക്യാമറ കണ്ടെത്തിയ കുറ്റത്തില്‍ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണ് അധികൃതര്‍. ചലാന്‍ അയച്ച ശേഷം കുടുങ്ങിപ്പോകുമെന്ന പേടി കാരണമാണ് ഉദ്യോഗസ്ഥര്‍ ചലാൻ അയക്കാൻ മടിക്കുന്നത്.
ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും തടസങ്ങള്‍ വെല്ലുവിളിയാകുന്നുണ്ട്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അതുകൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസമുണ്ട്. അതേസമയം പരിവാഹനിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും പരിഹരിക്കുമെന്നാണ് എന്‍ഐസി പറയുന്നത്.ഒരു ദിവസം പരമാവധി 25000 വരെ നിയമലംഘന നോട്ടീസുകള്‍ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. അതിനു കഴിഞ്ഞിട്ടില്ല. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. ഇന്നലെ ഉച്ചയോടെയാണ് ചെറിയ രീതിയില്ലെങ്കിലും പ്രശ്നം പരിഹരിച്ചത്. അതിനനുസരിച്ചാണ് 3000 ചലാനുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.