എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പൊരുത്തക്കേട്: വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
ഇരുചക്ര വാഹന യാത്രികൻ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ച നിയമ ലംഘനത്തില്‍ അമിത വേഗത്തിന് ചലാൻ സൃഷ്‌ടിച്ച വിഷയത്തിലാണ് വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരം : സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്) കാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളില്‍ പൊരുത്തക്കേട് സംഭവിച്ചെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര വാഹന യാത്രികൻ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ച നിയമ ലംഘനത്തില്‍ ചലാൻ സൃഷ്‌ടിക്കപ്പെട്ടത് വാഹനം 1,240 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു എന്നായിരുന്നു. എന്നാല്‍ എഐ കാമറ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നില്ലെന്നും അതുകൊണ്ട് തന്നെ അമിത വേഗത്തിന് ചലാൻ ജനറേറ്റ് ചെയ്യുന്നില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സെര്‍വറില്‍ നിന്നും നാഷണല്‍ ഇഫോര്‍മാറ്റിക്‌സ് സെന്‍ററിന്‍റെ (എൻഐസി) സെര്‍വറിലേക്ക് നിയമ ലംഘനങ്ങള്‍ അയച്ചപ്പോള്‍ ഉണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ജനറേറ്റ് ചെയ്യപ്പെട്ട ചലാനില്‍ തെറ്റായ വിവരങ്ങള്‍ വന്നത്. ഈ പിഴവ് കണ്ടെത്തിയപ്പോള്‍ തന്നെ എൻഐസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തകരാര്‍ ഉടനടി പരിഹരിച്ചു.
തെറ്റായ ഒരു ചലാൻ പോലും ഒരു കണ്‍ട്രോള്‍ റൂമില്‍ നിന്നും അയച്ചിട്ടില്ല. എഐ കാമറ കണ്‍ട്രോള്‍ റൂമില്‍ ജനറേറ്റ് ചെയ്യുന്ന ചലാനില്‍ നിയമ ലംഘനം ഏതാണെന്നും, ഏത് ആക്‌ടിന്‍റെ പരിധിയില്‍ വരുന്നുവെന്നും പെനാല്‍റ്റി എത്രയാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, എഐ കാമറകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇന്ന് (മെയ് 9) ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റില്‍ നടക്കുന്ന യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെല്‍ട്രോണ്‍, നാഷണല്‍ ഇൻഫര്‍മാറ്റിക്‌സ് സെന്‍റര്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയ ജൂണ്‍ അഞ്ച് മുതല്‍ ഇതുവരെയുള്ള എഐ കാമറകളുടെ പ്രവര്‍ത്തനമാണ് അവലോകന യോഗത്തില്‍ വിലയിരുത്തുക. എഐ കാമറ പ്രവര്‍ത്തനം : എഐ കാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ ആദ്യം സെൻട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. പിന്നീട് ജില്ല കണ്‍ട്രോള്‍ റൂമിലേക്കും കൈമാറുകയാണ് ചെയ്യുന്നത്. ജില്ല കണ്‍ട്രോള്‍ റൂമിലെ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം ഇ-ചലാൻ സൃഷ്‌ടിക്കും. പിഴ നോട്ടിസ് ലഭിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനകം ആര്‍ടിഒ ഓഫിസുകളിലോ ഓണ്‍ലൈനായോ പിഴത്തുക അടയ്ക്കണം. പിഴ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും സൗകര്യം ഉണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ കുട്ടിയുമായുള്ള യാത്ര : ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന സംഭവങ്ങളില്‍ പിഴഈടാക്കരുതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 വയസിന് മുകളിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പിഴ ഈടാക്കാൻ പാടുള്ളുവെന്നാണ് നിര്‍ദേശം. എഐ കാമറയെ ജനങ്ങള്‍ സ്വാഗതം ചെയ്‌തു എന്നും അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ആക്ഷേപങ്ങള്‍ ശക്തമായി ഉയരുകയാണ്.