മലയോരഹൈവേ പദ്ധതി; അവലോകന യോഗം ചേര്‍ന്നു
മലയോരഹൈവേ പദ്ധതി; അവലോകന യോഗം ചേര്‍ന്നു. പീരുമേട്-ദേവികുളം റോഡിന്റെ പുരോഗതി വിലയിരുത്തി
സംസ്ഥാനത്ത് നടപ്പിലാക്കുന്ന മലയോരഹൈവേ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഇടുക്കി ജില്ലയില്‍ മലയോരഹൈവേ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പീരുമേട്-ദേവികുളം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ചപ്പാത്ത് മുതല്‍ പുളിയന്മല വരെ നാല് ഘട്ടങ്ങളായാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
ചപ്പാത്ത് മുതല്‍ മേരികുളം വരെയുള്ള അഞ്ചര കിലോമീറ്റര്‍, മേരികുളം മുതല്‍ നരിയംപാറ വരെയുള്ള 12.7 കിലോമീറ്റര്‍, നരിയംപാറ മുതല്‍ കട്ടപ്പന വരെയുള്ള 2.9 കിലോമീറ്റര്‍ തുടങ്ങി ആദ്യ മൂന്ന് സ്‌ട്രെച്ചുകള്‍ക്ക് വേണ്ടി കേരള റോഡ് ഫണ്ട് ബോര്‍ഡ് പദ്ധതി നിര്‍വഹണ ഡയറക്ടറുടെ കീഴില്‍ തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പെരുവത്ത് ബില്‍ഡേഴ്‌സിനു കിഫ്ബി ഭൂമി കൈമാറിക്കഴിഞ്ഞു. മൂന്നാമത്തെ സ്‌ട്രെച്ചായ നരിയംപാറ മുതല്‍ കട്ടപ്പന വരെയുള്ള റോഡിന്റെ കലുങ്ക്, സംരക്ഷണഭിത്തി മുതലായവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കട്ടപ്പന മുതല്‍ പുളിയന്മല വരെയുള്ള 6.6 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഭൂമിയുടെ സര്‍വേ നടപടികള്‍ കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലക്കല്‍-വലിയമുല്ലക്കാനം വരെയുള്ള 5 കിലോമീറ്റര്‍ റോഡിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചു കഴിഞ്ഞു.
ജില്ലയില്‍ നിന്ന് കെആര്‍എഫ്ബി ജില്ലാ പ്രൊജക്റ്റ് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മലീറ്റ ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മിനി മാത്യു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്നിത ആര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.