ലളിതമായൊരു ഗണിത സൂത്രവാക്യം; 14 തവണ ലോട്ടറി വിജയിയായ ഓസ്ട്രേലിയക്കാരന്‍
ജീവിതത്തിൽ ഒരിക്കലെങ്കിലും, ഒരു ലോട്ടറി അടിച്ച് നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവർ കുറവായിരിക്കും. എന്നാൽ, നമ്മിൽ മിക്കവർക്കും അതൊരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ് പതിവ്. പിന്നാലെ, ലോട്ടറി അടിക്കാനൊക്കെ ഒരു ഭാഗ്യം വേണമെന്ന് സ്വയം വിശ്വസിച്ച് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. റിപ്പോർട്ടുകൾ പ്രകാരം 1.4 കോടി ആളുകളിൽ ഒരാൾക്ക് മാത്രമാണ് മഹാ ബംബർ ലോട്ടറി ഇതുവരെ അടിച്ചിട്ടുള്ളത്. അതും ജീവിതത്തിൽ ഒരിക്കൽ മാത്രം. എന്നാൽ, അടുത്തിടെ ഒരു ഓസ്‌ട്രേലിയക്കാരൻ മാധ്യമങ്ങളിൽ താരമായി. കാണമെന്താണെന്നോ? ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത് 14 തവണയാണ്. വിധിയോ ഭാഗ്യമോ കൊണ്ടായിരുന്നില്ല അദ്ദേഹത്തിന് ഇത്രയും തവണ ലോട്ടറികളില്‍ വിജയം നേടാന്‍ സാധിച്ചത്. മറിച്ച്, അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ ഒരു ചെറിയ ഗണിതസൂത്രവാക്യം ഉപയോഗിച്ചാണ് ഈ വിജയങ്ങളത്രയും സ്വന്തമാക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം, റൊമാനിയൻ വംശജനും ഓസ്‌ട്രേലിയൻ പൗരനുമായ ഗണിത ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ മണ്ടലാണ് വളരെ ലളിതമായ ഒരു ഗണിതമുപയോഗിച്ച് ലോട്ടറി സമ്പ്രദായത്തെ തന്നെ അട്ടിമറിച്ചത്. താൻ ലോട്ടറി വാങ്ങുമ്പോഴെല്ലാം തന്‍റെ ഊഹം ശരിയായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ തുകകളല്ല വലിയ വലിയ ജാക്പോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയതെന്നതാണ് മറ്റൊരു വസ്തുത. സ്വന്തമായി ജോലി ഉണ്ടായിരുന്നെങ്കിലും കൂടുതൽ പണം സമ്പാദിക്കാൻ 1960 -മുതലാണ് സ്റ്റീഫൻ മണ്ടൽ ലോട്ടറി എടുത്ത് തുടങ്ങിയത്. ഓസ്‌ട്രേലിയയിലേക്ക് മാറിയതിന് ശേഷം, റൊമാനിയ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം ലോട്ടറികൾ വാങ്ങാൻ തുടങ്ങി. ഓരോ തവണയും വിജയം അദ്ദേഹത്തെ തേടിയെത്തി. അത് ലോട്ടറി അധികൃതരെ വലച്ചു. അവർ മണ്ടലിനെ തടയാൻ കർശനമായ നിയമങ്ങൾ ഉണ്ടാക്കുകയും ഒരു വ്യക്തിയിൽ നിന്ന് എല്ലാ ടിക്കറ്റുകളും വാങ്ങുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. പക്ഷേ പ്രയോജനമൊന്നും ഉണ്ടായില്ല. ഒന്നിന് പുറകെ ഒന്നായി ലോട്ടറി വിജയങ്ങള്‍ അദ്ദേഹത്തെ തേടിവന്നു. ഓസ്‌ട്രേലിയയിൽ നിന്ന് മാത്രം 12 ലോട്ടറികൾ കൂടി മണ്ടലിന് വീണ്ടും ലഭിച്ചു.പിന്നീട്, ഓസ്ട്രേലിയയിൽ ലോട്ടറി നിയമങ്ങൾ കൂടുതൽ കർശനമായി. അപ്പോഴാണ് അമേരിക്കയിൽ ഇത്രയും കർക്കശമായ നിയമങ്ങളില്ലെന്ന് മണ്ടലിന് മനസ്സിലായത്. അങ്ങനെ അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെ നിന്നും ലോട്ടറികൾ വാങ്ങാൻ തുടങ്ങി, അങ്ങനെ അവിടെ നിന്ന് 3 കോടി രൂപ (36,000 ഡോളർ) സമ്പാദിച്ചു. എന്നിരുന്നാലും, ഇത് പിന്നീട് വലിയ നിയമയുദ്ധത്തിലാണ് അവസാനിച്ചത്. സിഐഎയും എഫ്ബിഐയും പോലുള്ളവർ കേസ് അന്വേഷിച്ച് മണ്ടലിന് പുറകേ പോയി. പക്ഷേ മണ്ടലിനെതിരെ യാതൊരു കുറ്റവും തെളിവും കണ്ടത്താൻ ഒരു അന്വേഷണ ഏജന്‍സിക്കുമായില്ല. കാരണം അയാൾ പറഞ്ഞത് ശരിയായിരുന്നു, താന്‍ തന്നെ കണ്ടെത്തിയ ലളിതമായൊരു ഗണിത സൂത്രവാക്യത്തിലൂടെ അദ്ദേഹം തന്നെയായിരുന്നു ഓരോ തവണയും ലോട്ടറി തെരഞ്ഞെടുത്തിരുന്നത്. പക്ഷേ താൻ ഉപയോഗിക്കുന്ന സൂത്രവാക്യം എന്താണന്ന് പറയാന്‍ ഒരിക്കൽ പോലും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ 1995 ആയപ്പോഴേക്കും മണ്ടൽ പാപ്പരത്തത്തിന് അപേക്ഷിച്ചു. ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടുവിലാണ് അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നത്.