ഇടുക്കി ജില്ലയിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കോവിഡ് പോരാളികളാകാൻ 100 പേർ കൂടി
തൊടുപുഴ∙ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിന് 100 സന്നദ്ധ പ്രവർത്തകരെ കൂടി തിരഞ്ഞെടുത്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, തൊടുപുഴ സർവീസ് സഹകരണ ബാങ്ക്, തൊടുപുഴ വൊളന്റിയേഴ്സ് ടീം എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 100 യുവതീയുവാക്കളാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
ഓരോ ദിവസവും 50 പേർക്ക് വീതമാണു പരിശീലനം നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമൊപ്പമാകും പുതിയ സന്നദ്ധ പ്രവർത്തകരുടെ സേവനം. സിഎസ്എൽടിസികൾ, ഡിസിസികൾ, വാക്സീൻ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സന്നദ്ധ പ്രവർത്തകരെത്തും. ഭക്ഷണ വിതരണത്തിലും സജീവമാകും. തൊടുപുഴയിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു നിർവഹിച്ചു.