പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഗൗരവ് ഗാന്ധി അന്തരിച്ചു; അന്ത്യം 41ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്


ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 41 വയസിലെ കരിയറിനിടെ 16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി അല്‍പസമയത്തിനകം കുളിമുറിക്കുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ജാംനഗറില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഗൗരവ് ഗാന്ധി, അഹമ്മദാബാദില്‍ നിന്ന് കാര്‍ഡിയോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കി. ഗൗരവ് ഗാന്ധിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നില്ലെന്നും എല്ലാ ദിവസത്തെയും പോലെ ആരോഗ്യവാനായാണ് വീട്ടിലെത്തിയതെന്നും കുടുംബം പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളാണ് ഗൗരവ് ഗാന്ധി. ഹൃദയാരോഗ്യത്തെ കുറിച്ചും ഹൃദ്രോഗം തടയുന്നതിലുള്ള പ്രതിരോധത്തെ കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ ഗൗരവ് ഗാന്ധി ഫേസ്ബുക്കില്‍ ‘ഹാര്‍ട്ട് അറ്റാക്ക്’ ക്യാംപെയിനും നേതൃത്വം നല്‍കിയിരുന്നു. ചെറുപ്രായത്തിലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ചും മരണകാരണത്തെ കുറിച്ചും സമീപകാലത്ത് നിരവധി പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. യുവാക്കളിലെ അമിത മദ്യപാനം, പുകവലി തുടങ്ങിയ ജീവിത ശൈലികള്‍ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും മാനസിക സമ്മര്‍ദം ഹൃദ്രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അനുബന്ധ ഘടകങ്ങളെല്ലാം ഈ കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും മാനസിക സമ്മര്‍ദമടക്കമുള്ള അദൃശ്യഘടകങ്ങള്‍ ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് കാരണമാകുന്നു.
നെഞ്ചുവേദന, അസ്വസ്ഥത, ബലഹീനത, താടിയെല്ല്-കഴുത്ത്-പുറം വേദന, തോളിലും പുറത്തും അസ്വസ്ഥത, ശ്വാസതടസം എന്നിവ ഹൃദയാഘാത്തതിന് കാരണമാകുമ്പോള്‍ ഓക്കാനം, ഛര്‍ദി, ക്ഷീണം, വയറുവേദന എന്നിവ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി വരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.