അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ക്രൈബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥി സമരം പിൻവലിച്ചു


കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.
ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകൾ നൽകിയാണ് മന്ത്രിമാർ വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ നടപടി ഉണ്ടാകാത്തതിനാൽ ചർച്ചയിൽ പൂർണ തൃപ്തരല്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. മന്ത്രിമാർ നൽകിയ ഉറപ്പ് കണക്കിലെടുത്താണ് തൽക്കാലം സമരത്തിൽ നിന്ന് പിൻമാറുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. ക്യാമ്പസിൽ അന്വേഷണത്തിന് എത്തിയ കെ ടി യു സംഘത്തിന് മുന്നിലും യുവജന കമ്മീഷന് മുന്നിലും വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ ശക്തമായ പരാതികൾ ആവർത്തിച്ചു. ഇതുവരെ നടന്ന പൊലീസ് അന്വേഷണം മാനേജ്മെന്റിന് അനുകൂലമായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രദ്ധയുടെ അച്ഛന്‍ പ്രതികരിച്ചു.