താളം തെറ്റി ശിശു സംരക്ഷണം


തൊടുപുഴ: ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ പ്രവര്‍ത്തനം താളംതെറ്റുന്നു. ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, യൂനിറ്റ് (ഡി.സി.പി.യു) ജീവനക്കാര്‍ ആറു ദിവസമായി സമരത്തിലായതോടെയാണിത്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ബാലാവകാശ സമിതി എന്നിവ പരിഗണിക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ട കുട്ടികളുടെ കൗണ്‍സലിങ്, ദത്തെടുക്കല്‍, രക്ഷപ്പെടുത്തല്‍, പുനരധിവാസം തുടങ്ങിയവയാണ് തടസ്സപ്പെട്ടത്. ജീവനക്കാരുടെ കുറവ് മൂലം ശ്വാസം മുട്ടുന്ന സി.ഡബ്ല്യു.സികളില്‍ ഇതുമൂലം കേസുകള്‍ക്ക് പൂര്‍ണ പരിഹാരം കാണാൻ കഴിയുന്നില്ല.
കരാര്‍ സമയബന്ധിതമായി പുതുക്കി നല്‍കുക, മൂന്നുവര്‍ഷ കരാര്‍ നടപ്പാക്കുക, പ്രസവാവധി അനുവദിക്കുക, ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ സൊസൈറ്റിയായി പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്ബളം വെട്ടിക്കുറച്ചതാണ് സമരത്തിന് പ്രധാന കാരണം. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും എന്ന കണക്കിലായിരുന്നു ഇവരുടെ ശമ്ബളം നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിഭാരം പരിഗണിച്ച് പ്രത്യേകമായി നല്‍കി വന്നിരുന്ന തുകയാണ് റദ്ദാക്കിയത്. ഇത് പുനഃസ്ഥാപിക്കണമെന്നതാണ് ആവശ്യം. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷൻ സ്‌കീമിനു കീഴിലായിരുന്നു ഡി.സി.പി.യു ജീവനക്കാരുടെ നിയമനം. അത് മിഷൻ വാത്സല്യ എന്നാക്കി മാറ്റി. പിന്നാലെ ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യതയിലും മാറ്റം വന്നു. ബിരുദ ബരുദാനന്തര യോഗ്യതകള്‍ ആവശ്യമില്ലാതായി. കുറഞ്ഞ ശമ്ബളത്തില്‍ ആളുകളെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ജില്ലയില്‍ ആകെ 16 ജീവനക്കാരാണുള്ളത്. കൗണ്‍സലിങ്, പുനരധിവാസം (പോക്‌സോ കേസുകളില്‍ ഉള്‍പ്പെടുന്ന കുട്ടികളെ ഉള്‍പ്പെടെ) ദത്തെടുക്കല്‍ നടപടികള്‍ രക്ഷപ്പെടുത്തല്‍ അന്വേഷണങ്ങള്‍ (കുട്ടികളുടെ വീട്ടില്‍ പോയി അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കല്‍), കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കല്‍, കുട്ടികളുടെ പഠനത്തിന് സ്‌പോണ്‍സര്‍ഷിപ് ഏര്‍പ്പെടുത്തല്‍ എന്നിവയാണ് ഇവരുടെ ചുമതലകള്‍.