ഷോറൂമുകളിലേക്ക് ഇടിച്ചുകയറി ജനം, വില്‍പ്പനയില്‍ വമ്പൻ വളര്‍ച്ചയുമായി മഹീന്ദ്ര!
2023 മെയ് മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൊത്തം 61,415 വാഹനങ്ങൾ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. 2022 മെയ് മാസത്തെ കണക്കുകളേക്കാൾ 14 ശതമാനം വളർച്ച. ഇതിൽ 32,883 എണ്ണം മഹീന്ദ്രയുടെ എസ്‌യുവി മോഡലുകളാണ്. ഥാര്‍, XUV700, സ്‍കോര്‍പ്പിയോ ക്ലാസിക്ക്, സ്‍കോര്‍പ്പിയോ എൻ, ബൊലേറോ എന്നിവ മികച്ച വില്‍പ്പന നേടി. മഹീന്ദ്ര സ്‌കോർപിയോ-എൻ, എക്‌സ്‌യുവി700 എന്നിവ ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷന്റെയും കാര്യത്തിൽ വളരെയധികം സമാനതകൾ പങ്കിടുന്നു. രണ്ടിന്റെയും വില ഏതാണ്ട് സമാനമായ ശ്രേണിയിലാണ്.
എസ്‍യുവികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി മുതലാക്കാമെന്ന പ്രതീക്ഷയിൽ, പുതിയതും അപ്‌ഡേറ്റുചെയ്‌തതുമായ എസ്‌യുവി മോഡലുകളുടെ ശ്രേണിയിലൂടെ മഹീന്ദ്ര ഈ അടുത്ത കാലത്ത് അതിന്റെ വാഹന നിരയ്ക്ക് കരുത്ത് പകരുന്നു. എന്നാൽ വിതരണക്കാരിൽ നിന്ന് എഞ്ചിൻ സംബന്ധിയായ ഭാഗങ്ങളിൽ തടസം ഇല്ലായിരുന്നുവെങ്കിൽ, മെയ് മാസത്തിൽ ഈ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന ഇനിയും ഉയരുമായിരുന്നു. വിതരണ പരിമിതികൾ ഈ മാസത്തെ വിൽപ്പന നിയന്ത്രിച്ചതായിട്ടാണ് റെഗുലേറ്ററി ഫയലിംഗിൽ മഹീന്ദ്ര പറയുന്നത്.
പ്രത്യേകിച്ച് ഥാര്‍, XUV700, സ്‍കോര്‍പ്പിയോ എൻ തുടങ്ങിയ മോഡലുകൾക്കുള്ള ഡിമാൻഡ് വളരെ ശ്രദ്ധേയമാണ്. അത് ഗണ്യമായി ഉയർന്ന കാത്തിരിപ്പ് കാലയളവിലേക്ക് നയിച്ചിട്ടുണ്ട്. എയർ ബാഗ് ഇസിയു പോലുള്ള പ്രത്യേക ഭാഗങ്ങളിൽ ചിപ്പ് വിതരണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ മൊത്തത്തിൽ, മുന്നോട്ടുള്ള വില്‍പ്പന വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള വേഗത തുടരുമെന്ന് കമ്പനി ശുഭാപ്‍തിവിശ്വാസം പുലർത്തുന്നു.
മഹീന്ദ്രയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 2,616 യൂണിറ്റായിരുന്നു. 2022 മെയ് മാസത്തിലെ 2,028 യൂണിറ്റിൽ നിന്ന് 29% വർധിച്ചു. കാർഷിക ഉപകരണ മേഖലയിൽ, മൊത്തം ട്രാക്ടർ വിൽപ്പന 35,722 യൂണിറ്റിൽ നിന്ന് നാല് ശതമാനം കുറഞ്ഞ് 34,126 യൂണിറ്റിലെത്തിയതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറഞ്ഞു. അതേസമയം ആഭ്യന്തര ട്രാക്ടർ വിൽപ്പന 3 ശതമാനം ഇടിഞ്ഞ് 33,113 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ മാസത്തിൽ ഇത് 34,153 യൂണിറ്റായിരുന്നു.
അടുത്ത കാലത്തായി മഹീന്ദ്ര വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ ബ്രാൻഡുകളുടെ ആദ്യ അഞ്ച് പട്ടികയിൽ വളരെ സജീവമായ കമ്പനിയാണ്. വാണിജ്യ, മുച്ചക്ര വാഹന വിഭാഗങ്ങളിലും കമ്പനിക്ക് കാര്യമായ സാന്നിധ്യമുണ്ട്.