പരിസ്ഥിതി ദിനത്തിൽ കട്ടപ്പനയിൽ ഹരിത സഭ ചേരുന്നു


ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു.മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തികരണത്തിൻ്റെ ഭാഗമായി നഗരസഭ പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, എൻഫോഴ്സ്മെൻ്റ് നടപടികൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടിംഗും, അവലോകനവും ഹരിത സഭയിൽ നടക്കും.2024 മാർച്ചിൽ കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ഹരിത സഭയിൽ ചർച്ച ചെയ്യും.ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ക്ലബ്ബ് പ്രതിനിധികൾ, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ, റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഹരിത സഭയിൽ പങ്കാളികളാക്കുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.നഗരസഭ പ്രദേശത്തെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു വരുന്നു.എല്ലാ വാർഡുകളുകളും മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അജൈവ മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി സ്മാർട്ട് ഗാർ ബേജ് മോണിട്ടറിംഗ് ഏർപ്പെടുത്തുന്നതിന് ഹരിത കർമ്മ സേന വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പ്രാബല്യത്തിലാക്കി വരുന്നു. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ശുചികരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി. താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തകരും, അംഗൻവാടി, ആശ പ്രവർത്തകരും വാർഡ് അടിസ്ഥാനത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മാലിന്യം തള്ളുന്നവർക്കും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്ന വിതരണത്തിനും പിഴ ചുമത്തി വരുന്നു. മാലിന്യ മുക്ത നവകേരളം – കാമ്പയിൻ്റെ ഭാഗമായി ശുചിത്വ റാലി സംഘടിപ്പിച്ചു