ഇടുക്കിയിൽ റോപ്പ് വേ പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായി
കേന്ദ്ര സര്‍ക്കാരിന്റെ പര്‍വതമാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയില്‍ റോപ്വേ പദ്ധതി സാധ്യതാ പഠനം പൂര്‍ത്തിയായതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. ‘ഇടുക്കി ഡാമിനു മുകളില്‍ നിര്‍മിക്കുന്ന റോപ്വേ ജില്ലയിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും. രണ്ടു സ്ഥലങ്ങളിലും പഠനം നടത്തിയ കണ്‍സല്‍റ്റന്‍സികള്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ ഹൈവേയ്സ് ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ് ആണ് അന്തിമ അനുമതി നല്‍കുന്നതും പദ്ധതി നടപ്പിലാക്കുന്നതുമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
വട്ടവട – കുണ്ടള, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളാണു സാധ്യതാ ലിസ്റ്റിലുള്ളത്. ഇടുക്കിയില്‍ ട്രാക്ക്റ്റ്ബെല്‍ കണ്‍സല്‍റ്റന്‍സിയും മൂന്നാര്‍ വട്ടവടയില്‍ റൈറ്റ്സ് എന്ന ഏജന്‍സിയുമാണു പഠനം നടത്തിയത്. അതേസമയം, ജില്ലയില്‍ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപി ദേശീയപാതാ മന്ത്രാലയത്തിനു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയിരുന്നു. സംസ്ഥാനത്തിന് അനുവദിച്ച 4 പദ്ധതികളില്‍ രണ്ടെണ്ണം ഇടുക്കി ജില്ലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. മലയോര പാതകളില്‍ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.