നടുക്കുന്ന കാഴ്ചയായി കാളക്കൂറ്റൻ്റെ ആക്രമണം, ഒറ്റ നിമിഷം കുത്തേറ്റത് 11 പേർക്ക്; കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി


പല നാടുകളിലും പല തരത്തിലുള്ള ആഘോഷങ്ങൾ നടക്കാറുണ്ട്. മൃഗങ്ങളുമൊത്തുള്ള ഉത്സവ പരിപാടികളും ചില നാടുകളുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് തന്നെ ഇതിന് ഉദാഹരണം. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം ഉത്സവങ്ങൾ വലിയ അപകടമായി മാറാറുണ്ട്. അത്തരം ഒരു വാർത്തയാണ് പെറുവിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പെറുവിലെ ഹുവാങ്കവെലിക്ക മേഖലയിലെ പരമ്പരാഗത ആഘോഷങ്ങളുടെ ഭാഗമായുള്ള കാളപ്പോരായ ‘ടോറോ ചുട്ടേ’ യുടെ ഇടയിലാണ് അപകടം നടന്നത്. കലിതുള്ളിയ കാളയുടെ കുത്തേറ്റത് 11 പേർക്കാണ്. കാളപ്പോരിനിടെ വിരണ്ട കാള ഓടുന്നതിനിടെ കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ തലയിലും മറ്റുള്ളവരുടെ ശരീരത്തിലുമാണ് കാളയുടെ കുത്തേറ്റത്. പലരെയും കൊമ്പിന് കുത്തി നിർത്തുന്ന കാളയുടെ ദൃശ്യങ്ങളടക്കം അൽ ജസീറ പുറത്തുവിട്ടിട്ടുണ്ട്. ചുറ്റും കൂടി നിന്ന ആൾക്കൂട്ടത്തിന് നേരെ ആയിരുന്നു അക്രമാസക്തനായ കാളയുടെ പരാക്രമം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.