‘ബി.ജെ.പി എന്നെ അവഗണിച്ചു’; സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്
സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സിപിഐഎമ്മിലേക്ക്. എ.കെ.ജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.രാജസേനനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദനും പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ് രാജസേനൻ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന പാർട്ടിയാണ് സിപിഐഎം കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല. പഴയ സിപിഐഎമ്മുകാരനാണ് ഞാൻ. മനസുകൊണ്ട് സിപിഐഎമ്മിനൊപ്പമാണെന്നും രാജസേനൻ പറഞ്ഞു. ബി.ജെ.പി എന്നെ അവഗണിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൈയിൽനിന്ന് പണം ചെലവായിട്ടുണ്ട്. ബി.ജെ.പിയിൽ പോയതോടെ സിനിമയിലെ സുഹൃത്തുക്കൾ തന്നിൽനിന്ന് അകന്നു. ഇ.ഡിയെ പേടിക്കാൻ തന്റെ കൈയിൽ അത്രയും പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.