നടപടി വേണം, ആവശ്യം സ്ത്രീയെന്ന നിലയില്‍; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി പ്രീതം മുണ്ടെ
ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബി.ജെ.പി എം.പി പ്രീതം മുണ്ടെ. സ്ത്രീകള്‍ ഇത്രയും ഗൗരവമുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ഒരു പാർലമെന്റംഗം എന്ന നിലയിലല്ല, ഒരു സ്ത്രീ എന്ന നിലയിലാണ് പറയുന്നത്, ഏതെങ്കിലും സ്ത്രീയിൽ നിന്ന് ഇത്തരമൊരു പരാതി വന്നാൽ അത് പരിശോധിക്കണമെന്നും പ്രീതം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു.
പരാതി പരിശോധിച്ച ശേഷം ഇതില്‍ കഴമ്പുണ്ടോ എന്ന് അധികാരികള്‍ തീരുമാനിക്കണം. നടപടി എടുത്തില്ലെങ്കില്‍ അത് ജനാധിപത്യം സ്വാഗതം ചെയ്യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.