രാഹുൽ ഗാന്ധിയുടെ മുസ്ലിം ലീഗ് പരാമർശം, പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി; ‘അനുഭവത്തിൽ നിന്നുള്ളത്’


മലപ്പുറം: മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്‍റെ പരാമർശനം കോൺഗ്രസിന്‍റെ അനുഭവത്തിൽ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിന്‍റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് ലീഗാണ്. മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള ലീഗ് പ്രവർത്തനത്തെ എതിരാളികൾ പോലും അംഗീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോട് അമേരിക്കൻ സന്ദർശനത്തിനിടെയെയാണ് രാഹുല്‍ ഗാന്ധി മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന് ചൂണ്ടികാട്ടിയത്. മുസ്ലീംലീഗ് മതേതര പാർട്ടിയാണ്. അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.