കാട്ടിറച്ചിയെന്ന പേരിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി


ഇടുക്കി: കാട്ടിറച്ചി കൈവശംവച്ചെന്ന പേരില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനപാലകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. 9 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജി തൊടുപുഴ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി പി എസ് ശശികുമാറാണു തള്ളിയത്. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതിനു 13 പേര്‍ക്കെതിരെയാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്.
ഇതില്‍ ഒരാള്‍ മരിക്കുകയും 2 പേര്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയ ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.രാഹുലിന് കോടതിയില്‍ നിന്ന് ഇതുവരെ അനുകൂല വിധി ലഭിച്ചിട്ടില്ലെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു. അവശേഷിക്കുന്ന 9 പേരാണു മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
മെയ് അവസാനവാരത്തില്‍ സരുണ്‍ സജി കള്ളക്കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുന്‍പിലുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. നാല് മണിക്കൂറാണ് കഴുത്തില്‍ കയറിട്ട് കത്തിയുമായി സരുണ്‍ മരത്തിനു മുകളില്‍ ഇരുന്നത്.
ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പു കിട്ടാതെ ഇറങ്ങി വരില്ലെന്ന നിലപാടില്‍ സരുണ്‍ ഉറച്ചുനിന്നതോടെ തിരിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ജോലിയില്‍ കയറുന്നതിനു മുന്‍പ് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് ദിവസങ്ങളിലായി സരുണിനെതിരെ കള്ളക്കേസ് എടുത്ത ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍, കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും വനം വകുപ്പ് സര്‍വീസില്‍ തിരികെ എടുത്തിരുന്നു.
വിഷയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കോടതിയില്‍ കീഴടങ്ങിയ രണ്ടു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി എന്ന് പറഞ്ഞ് മാട്ടിറച്ചി സരുണിന്റെ ഓട്ടോയില്‍ വച്ച് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്.