സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 15ന് തുടങ്ങിയേക്കും; ആദ്യം മഞ്ഞ കാർഡ് ഉടമകൾക്ക്
“പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചു കേന്ദ്ര സർക്കാർ 2 മാസത്തേക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 15ന് ശേഷം തുടങ്ങും”. തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിൽ റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തിൽ മഞ്ഞ (അന്ത്യോദയ അന്നയോജന) റേഷൻ കാർഡ് ഉടമകൾക്കാണു കിറ്റ് നൽകുക. 10 ഇനങ്ങളാകും കിറ്റിൽ ഉണ്ടാകുക. 86 ലക്ഷം ഭക്ഷ്യകിറ്റുകൾ സപ്ലൈകോ തയാറാക്കിവരുന്നു. എൽഡിഎഫിന് തുടർഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, 2020 ലെ ലോക്ക്ഡൗൺ കാലം മുതൽ ഈ വർഷം ഏപ്രിൽ വരെ 9 കിറ്റുകളാണ് നൽകിയത്. ഏപ്രിലിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്.അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴിൽ ഇല്ലാത്തവരും കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാൽ കിറ്റ് ഉടനടി നൽകാൻ സപ്ലൈകോയ്ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് വാക്കാൽ നിർദേശം നൽകി. ഉത്തരവ് ഈയാഴ്ച ഇറങ്ങും. അതേസമയം, റേഷൻ കടകളിലെ ഇപോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിക്കുന്നത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കണമെന്ന റേഷൻ കട ഉടമകളുടെ അഭ്യർഥന ഭക്ഷ്യ വകുപ്പ് അംഗീകരിക്കാൻ ഇടയില്ല. ബയോമെട്രിക് സംവിധാനം ഒഴിവാക്കി റേഷൻ നൽകരുതെന്നു കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്. വിരൽ പതിപ്പിക്കും മുൻപ് സാനിറ്റൈസ് ചെയ്യാനാണു ഭക്ഷ്യ വകുപ്പിന്റെ നിർദേശം. കേന്ദ്ര റേഷൻ 15 ന് ശേഷം
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചു കേന്ദ്ര സർക്കാർ 2 മാസത്തേക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 15ന് ശേഷം തുടങ്ങും. ഏകദേശം 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്ന സംവിധാനമാണിത്. കഴിഞ്ഞ വർഷം 6 മാസമാണ് പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകിയത്. 1.54 കോടി ഗുണഭോക്താക്കൾക്ക് മേയ്, ജൂൺ മാസത്തിൽ വിതരണം ചെയ്യുന്നതിനുള്ള 70,000 മെട്രിക് ടൺ അരി കേരള സർക്കാരിന് കൈമാറി. രാജ്യത്തെ 80 കോടി ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.