‘ബാബ’യ്ക്ക് ശേഷം ‘യെന്തിരൻ’; രജനികാന്ത് ചിത്രം റിലീസിന്, രണ്ടാം വരവ് പുത്തന്‍ സാങ്കേതികതയില്‍
തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ചിത്രമാണ് യെന്തിരൻ. വസീഗരന്‍ എന്ന ശാസ്ത്രജ്ഞനും ചിട്ടി എന്ന റോബോട്ടുമായി രജനി കാന്ത് എത്തിയ ചിത്രത്തിൽ ഐശ്വറായ് ആണ് നായികയായി എത്തിയത്. എസ് ഷങ്കറിന്റ സംവിധാനത്തിൽ 2010 റിലീസ് ചെയ്ത ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. അതും പുതിയ സാങ്കേതിക മികവിൽ.
ഫോർ കെ, ഡോൾബി അറ്റ്മോസ്, ഡോൾബി വിഷൻ ദൃശ്യമികവിൽ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെർഷൻ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ദൃശ്യമാഹാത്മ്യത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ എന്നാണ് വിവരം പങ്കുവച്ച് സൺ പിക്ചേഴ്സ് കുറിച്ചത്. ചിത്രം ജൂൺ 9ന് ഓടിടി ആയി റിലീസിന് എത്തും. സൺ നെക്സ്റ്റിലൂടെ ആണ് സ്ട്രീമിംഗ് നടക്കുക. 12 വർഷങ്ങൾക്ക് ശേഷമാണ് യെന്തിരൻ വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് രജികാന്തിന്‍റെ ബാബ എന്ന ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം റിലീസ് ചെയ്തിരുന്നു. ‘പടയപ്പ’യുടെ വന്‍ വിജയത്തിനു ശേഷം രജനികാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ബാബ’. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്‍ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. 2002 ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‍മാന്‍ ആയിരുന്നു.