17 വർഷമായി തകർന്ന് ഉളുപ്പൂണി- ചോറ്റുപാറ റോഡ്; കോടികൾ ഫ്‌ളക്‌സിൽ മാത്രം അനുവദിച്ച് ജനപ്രതിനിധിയും അധികാരികളും
കഴിഞ്ഞ 17 വർഷമായി തകർന്ന് കിടക്കുകയാണ് ഉളുപ്പൂണി-ചോറ്റുപാറ റോഡ്. മാറി മാറി ഭരിച്ചവർ തികഞ്ഞ അവഗണനയാണ് ഈ റോഡിനോട് കാണിക്കുന്നത്. പത്ത് വർഷം കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റും സിപിഐയുടെ എംഎൽഎയും ഭരിച്ച വാർഡിന്റെ അവസ്ഥയാണിത്. ഫ്‌ളക്‌സ് ബോർഡുകളിൽ മാത്രമാണ് ഇവിടെത്തെ റോഡുപണി പുരോഗമിക്കുന്നത്.
അനുമതിയില്ലാത്ത ഓഫ് റോഡ് സവാരിയും റോഡ് നിർമ്മാണം തടസ്സപ്പെടുത്തുന്നുണ്ട്. വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികളെ ഉളുപ്പൂണി ഓഫ് റോഡ് സവാരിയ്‌ക്കെന്ന് പറഞ്ഞ് എത്തിക്കുന്നത് ചോറ്റുപാറ മുതൽ കൊണ്ടുപോകുന്നത് സ്ഥിരം കാഴ്ചയാണ്. വാഗമണ്ണിലെ വ്യാപാരികളും രാഷ്ട്രീയപാർട്ടികൾക്കും വേണ്ടിയാണ് ഈ റോഡ് ഇത്തരത്തിൽ പണി പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
നാല് കിലോമീറ്റർ റോഡിലൂടെ സഞ്ചരിക്കാൻ 35 മുതൽ 40 വരെ മിനിറ്റാണ് എടുക്കുന്നത്. 500 മുതൽ 600 രൂപ വരെ കൂലിയാണ് ഡ്രൈവർമാർ ഈടാക്കുന്നത്. റേഷൻകടയിൽ പോകണമെങ്കിൽ പോലും 600 മുടക്കണ്ട അവസ്ഥയിലാണ് ജനങ്ങൾ. 40 കിലോമീറ്റർ അകലെയാണ് ഒരു ആശുപത്രിയുള്ളത്. ഇവിടെയ്ക്ക് ഈ വഴിയിലൂടെ എത്തിപ്പെടുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുന്നതാണ് പതിവ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്. ഓഫ് റോഡ് ജീപ്പുകളുടെ മരണപ്പാച്ചിലിൽ പ്രായമായവരും കുട്ടികളും യാത്ര ചെയ്യാൻ പോലും ഭയക്കുന്നു. വാർത്തകൾ പുറത്തുവരുന്നതോടെ അധികാരികൾ തടി തപ്പുന്ന നിലപാടാണ്, ഒപ്പം പത്രത്തിന്റെ ഒരു മൂലയ്ക്ക് വാർത്തയും കൊടുക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഒരു കോടി പിന്നാലെ ഒന്നാം പിണറായി സർക്കാരിന്റെ 35 കോടി, അഞ്ച് കോടി അനുവദിച്ചതായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു.
ഉളുപ്പൂണി-മേമുട്ടം വഴി മൂലമറ്റം വഴിയ്ക്കായി കോടികളാണ് ഇഎസ് ബിജിമോൾ എംഎൽഎ സ്ഥലത്തെത്തി ഉദ്ഘാടനം നിർവഹിച്ച് പോയത്. ശേഷം കിഫ് ബി പദ്ധതിയിലും ഈ നാല് കിലോമീറ്റർ വഴിയെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഡിസംബറിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ 50 ലക്ഷം രൂപ അനുവദിച്ചതായി ഫ്‌ളക്‌സ് പൊങ്ങിയത്. അന്താരാഷ്ട്ര റോഡ് നിർമ്മിക്കാനുള്ള ഫണ്ട് അനുവദിച്ച റോഡ് എന്തുകൊണ്ടാണ് യാഥാർത്ഥ്യമാകാത്തതെന്ന് പഞ്ചായത്ത് അംഗം മുതൽ മുഖ്യമന്ത്രി വരെ മറുപടി പറയണമെന്ന നിലപാടിലാണ് പൊതുജനം.
പീരുമേട് എംഎൽഎ വാഴൂർ സോമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് 300 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ ഒരേ സമയം രണ്ട് വാഹനം വന്നാൽ സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുവശങ്ങളിലും ഗർത്തത്തിന് സമാനമായ രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒരു മാസത്തോളം റോഡ് ബ്ലോക്ക് ചെയ്ത് നിർമ്മിച്ച വഴിയുടെ അവസ്ഥയാണിത്. 100-ഓളം കുട്ടികൾ പഠിക്കുന്ന സമീപത്തെ സ്‌കൂളായ പുള്ളിക്കാനം സെന്റ്. തോമസ് ഹൈസ്‌കൂളിൽ നിന്നും ബസ് പ്രദേശത്തേയ്ക്ക് എത്തില്ലെന്ന് അധികൃതർ അറിയിച്ചതോടെ പ്രതിസന്ധിയിലാണ് കുട്ടികളും. റോഡ് യാഥാർത്ഥ്യമാകും വരെ അനധികൃതമായി നടത്തുന്ന ഓഫ് റോഡ് സവാരി തടഞ്ഞ് പ്രതിഷേധിക്കാനാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.