300 അടി മുകളിൽനിന്ന് കൂറ്റൻ പാറകൾ അടർന്നു വീണു; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നെടുങ്കണ്ടം∙ ചെമ്മണ്ണാറിലെ കൃഷിയിടത്തിൽ വീണ്ടും മലയിടിച്ചിൽ. കൂറ്റൻ പാറക്കഷണങ്ങളാണ് കൃഷിയിടത്തിൽ പതിച്ചത്. ഇതോടെ നാട്ടുകാർ ആശങ്കയിലായി. കുന്നത്തുപാറയിൽ മാത്തുക്കുട്ടി, മാരിപ്പുറത്തു ജോണി, താന്നിക്കൽ സന്തോഷ് തുടങ്ങിയവരുടെ കൃഷിഭൂമിയിലെ ഏലം, കാപ്പി, കമുക് തുടങ്ങിയവ നശിച്ചു. 300 അടിയോളം മുകളിൽ നിന്നാണ് വൻ പാറക്കൂട്ടം അടർന്നു വീണത്. അപകടനിലയിലുള്ള പാറക്കൂട്ടം ഒട്ടേറെ വീടുകൾക്കു ഭീഷണി ഉയർത്തുന്നുണ്ട്.
കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നശിച്ചതോടെ ശുദ്ധജലവും മുടങ്ങുന്ന അവസ്ഥയാണ്. തലനാരിഴ വ്യത്യാസത്തിലാണ് വീടുകൾ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. കൃഷിയിടത്തിൽ പതിച്ചിരിക്കുന്ന വൻ പാറക്കൂട്ടം പൊട്ടിച്ചു മാറ്റുന്നതിനു കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും അപ്രതീക്ഷിതമായി സംഭവിച്ച മലയിടിച്ചിലിനെക്കുറിച്ചു ജിയോളജി വിഭാഗം പഠനം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.