ലോക്ഡൗണിൽ പൊതുനിരത്തിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സഹായമെത്തിച്ച് എൻ.സി.സി
കട്ടപ്പന : ലോക്ഡൗണിൽ പൊതുനിരത്തിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുനൽകി നെടുങ്കണ്ടം 33-ാം ബറ്റാലിയൻ എൻ.സി.സി.
ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.സി.സി. ഓഫീസർ ലെഫ്റ്റനന്റ് റെജി ജോസഫാണ് പോലീസ് ഉദ്യോഗസ്ഥർക്ക് സഹായവുമായി നിരത്തിലിറങ്ങിയത്. സമ്പർക്ക വിലക്ക് നിലനിൽക്കുന്നതിനാൽ കേഡറ്റുകളില്ലാതെയാണ് ഇദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം. കുപ്പിവെള്ളം, ബിസ്‌ക്കറ്റ്, സാനിറ്റൈസർ, മുഖാവരണം, ഗ്ലൗസ് തുടങ്ങിയവാണ് ഇദ്ദേഹം നൽകുന്നത്. കട്ടപ്പന, തങ്കമണി, വണ്ടൻമേട് പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ശനിയാഴ്ച സാധനങ്ങൾ വിവിധ മേഖലകളിൽ എത്തിച്ചുനൽകിയത്.
കോവിഡുമായി ബന്ധപ്പെട്ട് വിവിധ സേവന പ്രവർത്തനങ്ങളുമായും ഇദ്ദേഹം സജീവമാണ്. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇദ്ദേഹം സ്വന്തം വാഹനത്തിൽ സൗജന്യമായാണ് പരിശോധനാകേന്ദ്രത്തിൽ എത്തിക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ ഇവിടെ കോവിഡ് കെയർ സെന്ററുകളിലും എത്തിക്കും. കോവിഡ് ബാധിച്ച് മരിച്ച 10 പേരുടെ ശവസംസ്‌കാര ചടങ്ങുകൾ നടത്താനും റെജി ജോസഫ് നേതൃത്വം നൽകിയിട്ടുണ്ട്.