മോളിയും ജോർജ്ജും ഇന്ന് മുതൽ സ്വപ്ന ഭവനത്തിലേക്ക്
എന്റെ വീട് പദ്ധതിയിൽ ജില്ലയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി
എന്റെ വീട് പദ്ധതിയിലൂടെ കട്ടപ്പനയിൽ നിർമിച്ച പെരിങ്ങാട്ട് മോളി – ജോർജ്ജ് ദമ്പതികൾക്ക് നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ താക്കോൽ കൈമാറുന്നു. മാതൃഭൂമി റീജ്യണൽ മാനേജർ ടി. സുരേഷ് . സ്പെഷ്യൽ കറസ്പോണ്ടന്റ് എം.ബിലീന തുടങ്ങിയവർ സമീപം.
കട്ടപ്പന : വർഷങ്ങളായി വാടക വീട്ടിലെ താമസത്തിനൊടുവിൽ കട്ടപ്പന സൗത്ത് പെരിങ്ങാട്ട് വീട്ടിൽ മോളിയുടെയും ജോർജ്ജിന്റെയും വീടെന്ന സ്വപ്നം യാഥാർഥ്യമായി. കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെയാണ് നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം
നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. നഗരസഭാംഗം മായ ബിജു അധ്യക്ഷയായി.
. 20 വർഷമായി ഇവർ വാടക വീട്ടിലാണ് താമസം. രണ്ട് പെൺകുട്ടികളായിരുന്നു. അവരുടെ വിവാഹം നടത്തി. തുടർന്ന് വീട് സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നതിനാൽ കഴിഞ്ഞില്ല. പാർക്കിൻസൺ രോഗിയാണ് മോളി. കൂലിപ്പണിക്കാരനായ ജോർജ്ജിന് ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ പണിക്ക് പോകാനും ബുദ്ധിമുട്ടുണ്ടായി. പ്രയാസങ്ങൾ അറിഞ്ഞ് ബന്ധു വാങ്ങി നൽകിയ നാലു സെന്റ് സ്ഥലത്താണ് എന്റെ വീട് പദ്ധതിയിലൂടെ വീട് നിർമിച്ചിരിക്കുന്നത്. , മാതൃഭൂമി റീജ്യണൽ മാനേജർ ടി. സുരേഷ്, സ്പെഷ്യൽ കറസ്പോണ്ടന്റ് എം.ബിലീന – ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.