അരിക്കൊമ്പന്‍ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന വിമര്‍ശനം; ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി
അരിക്കൊമ്പന്‍ ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് വിമര്‍ശിച്ച ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യത്തെ വനംവകുപ്പിന്റെ പരാജയമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചാണ് അരിക്കൊമ്പന്‍ ദൗത്യം നടന്നത്. ആനയെ ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആനയെ ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. നിലവില്‍ ആനയുള്ളത് തമിഴ്‌നാട് അതിര്‍ത്തിയിലായതിനാല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആനയെ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളില്‍ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്നായിരുന്നു ജോസ് കെ മാണിയുടെ വിമര്‍ശനം. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.