സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ഇരട്ടബെല്ലടിച്ച് സ്കൂൾ വിപണി
ബാഗ്, കുട, ചെരിപ്പ്, ഉടുപ്പ് ഇതെല്ലാമായി പുതിയ ക്ലാസിലേക്കു കുരുന്നുകൾ ഓടിയെത്താൻ ഇനി 8 ദിവസം മാത്രം. ഒരു കുറവും വരുത്താതെ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കാനുള്ള തത്രപ്പാടിലാണ് മാതാപിതാക്കൾ. പതിവുപോലെ മേയിൽ തന്നെ സ്കൂൾ വിപണി സജീവമായി. കോവിഡിന്റെ പേടിയില്ലാതെയാണ് ഇത്തവണത്തെ ഷോപ്പിങ്. ഓൺലൈനിലും ഓഫ്‌ലൈനിലുമായി വ്യാപാരം തകൃതി. മുൻപ് ഓഫറുകൾ കൊണ്ട് ഫ്ലിപ്കാർട്ടും ആമസോണും പോലുള്ള ഓൺലൈൻ വമ്പന്മാർ നാട്ടിലെ വ്യാപാരികൾക്കു വെല്ലുവിളി ഉയർത്തിയിരുന്നെങ്കിൽ ഇപ്പോൾ അവരോടു കിടപിടിക്കുന്ന ഓഫറുകൾ ഇവിടെയും നൽകുന്നു.
സ്‌കൂൾ തുറക്കാൻ സമയമാകുമ്പോൾ വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ സ്‌കൂൾ ബാഗുകളിലും കുടകളിലുമാണ്. ബാഗ് വിപണി ഉണർന്നെങ്കിലേ വ്യാപാരിയുടെ കീശ നിറയൂ. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗാരന്റിയും ഉപഭോക്‌താക്കളെ ആകർഷിക്കുന്നു. വർണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം കടകളിൽ നിരന്നു.
350 മുതൽ 2500 രൂപ വരെ വിലയുള്ള ബാഗുകൾ വിൽപനയ്ക്കെത്തി. കുടകളുടെ വില 300ൽ തുടങ്ങുന്നു. വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്സ് എന്നിവയ്ക്കു യഥാക്രമം 200, 150 എന്നിങ്ങനെയാണു കുറഞ്ഞവില. മലയോരത്ത് മഴയ്ക്ക് ശമനമില്ലാത്തതിനാൽ മഴക്കോട്ടുകൾക്കും നല്ല കച്ചവടമുണ്ട്. 200 രൂപ മുതൽ വിലയുള്ള റെയിൻകോട്ടുകൾ വിപണിയിൽ ലഭ്യം.