ഇതുവരെ ഒരാൾക്കു പോലും കോവിഡ് വരാത്ത ഒരു പഞ്ചായത്ത് കേരളത്തിൽ;അതും നമ്മുടെ ഇടുക്കിയിൽ
ഇടുക്കി: ലോകംമുഴുവും കോറോണ രോഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒരാൾക്കു പോലും കോവിഡ് പോസിറ്റീവില്ലാത്ത ഏക പഞ്ചായത്തായി മാറുന്നു ഇടമലക്കുടി പഞ്ചായത്ത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി . ആധുനിക സൗകര്യങ്ങളോ ഭക്ഷണ ശീലങ്ങളോ ഇല്ലാത്ത ഇവർക്ക് ആധുനിക രോഗങ്ങളും ഇല്ലെന്നുള്ളതാണ് പ്രത്യേകത.
വിദ്യാസമ്പന്നരല്ലാത്ത മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ മാത്രമുള്ള 26 കുടി കളിലായി 3000നു മേൽ അംഗങ്ങളാണിവിടെയുള്ളതും. സാധാരണയായി പച്ചമരുന്നുകളെയാണ് രോഗ പ്രതിരോധ മാർഗ്ഗത്തിനായി ഉപയോഗിക്കുന്നത്. റേഷൻ കടയിൽ നിന്നുള്ള അരിയും തങ്ങളുടെ സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും കാട്ടു കിഴങ്ങുകളും മറ്റു വനവിഭവങ്ങളുമാണ് ഇവരുടെ ഭക്ഷണത്തിനുള്ള വിഭവങ്ങളിൽ പ്രധാനം.
ഒപ്പം തന്നെ പുറം നാടുമായോജനങ്ങളുമായോ ബന്ധങ്ങളോ സമ്പർക്കമോ ഇല്ലാത്തതും ഇവരുടെ പ്രത്യേകതയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്റെ നേതൃത്വത്തിൽ ഊരുമൂപ്പൻമാർ കൂടി പഞ്ചായത്തിലേക്കു് പുറത്തു നിന്നുള്ള വഴികളിൽ ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്