വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം ഇരുട്ടടി: ആർ.വൈ.എഫ്
കട്ടപ്പന: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങൾക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ കൂടി മറ്റൊരു ഇരുട്ടടി ഒരുക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ പറഞ്ഞു. വൻതോതിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. നിർദേശങ്ങൾ അംഗീകരിച്ചാൽ എല്ലാവർക്കും വലിയ സാമ്പത്തിക ബാധ്യതയാകും.ശുപാർശ നടപ്പാക്കുന്നത് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
വരുമാനം വർധിപ്പിക്കാൻ പാവപ്പെട്ടവന്റെ വയറു കീറിയാലും കുഴപ്പമില്ല എന്ന മനോഭാവം ഉണ്ടാകരുത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ജനങ്ങളിലേക്കോ മറ്റെന്തെങ്കിലുമോ പുതിയ നികുതി ചുമത്തലല്ല. കൂടുതൽ ആശ്വാസ നടപടികൾ നൽകാനാവില്ല, എന്നാൽ നടപടികൾ ഭാരപ്പെടുത്തരുത്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.