ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ് ; മൂന്നാം ഘട്ട പരിപാലത്തിന് 3.84 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ അന്ന് പറഞ്ഞിരുന്നത്..