ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ തമിഴ്നാട് സര്‍കാര്‍ പാസാക്കിയ നിയമം ശരിവച്ച് സുപ്രീംകോടതി
തമിഴ്നാട് സര്‍കാര്‍ ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ പാസാക്കിയ നിയമം സുപ്രീംകോടതി ശരിവച്ചു. തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണിതെന്നും ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് സര്‍കാര്‍ പറയുമ്പോള്‍ അക്കാര്യത്തില്‍ വിഭിന്നമായ നിലപാട് കോടതിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ എം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി.
ജെല്ലിക്കെട്ട് 2014ല്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇത് മറികടക്കാന്‍ തമിഴ്നാട് സര്‍കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരായ ഹരജികളിലാണ് സുപ്രീംകോടതി നിര്‍ണായക ഉത്തരവിറക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ നിയമങ്ങള്‍ പാസാക്കാന്‍ അധികാരമുണ്ടെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
കെ എം ജോസഫിനെ കൂടാതെ ജസ്റ്റിസ് അജയ് റഷ്തോഗി, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരും കേസ് പരിഗണിച്ച ബെഞ്ചില്‍ ഉള്പെട്ടിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് പാസാക്കിയ നിയമം മുന്‍ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമല്ലെന്നും ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് ഒരു നൂറ്റാണ്ടായി നിലനില്‍ക്കുന്ന ആചാരമാണെന്ന് കോടതിയില്‍ സമര്‍പിക്കപ്പെട്ട തെളിവുകളില്‍ നിന്നും വ്യക്തമാണ്. ജെല്ലിക്കെട്ടില്‍ തമിഴ്നാട് സര്‍കാര്‍ പാസാക്കിയ നിയമം മൃഗങ്ങളുടെ വേദന കുറക്കുകയാണ് ചെയ്യുന്നതെന്നും കോടതി പറഞ്ഞു.