സംസ്ഥാനത്ത് ചൂട് കൂടുന്നു.20 മുതൽ കൂടുതൽ മഴയ്ക്ക് സാധ്യത
വേനൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും ചൂട് കനക്കുന്നു. നിലവിൽ കേരളത്തിൽ പലസ്ഥലങ്ങളിലും 46-55 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത താപസൂചികപ്രകാരമുള്ള കണക്കാണിത്.
അന്തരീക്ഷ താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവുകൂടി (ഹ്യുമിഡിറ്റി) ചേരുന്നതാണ് താപസൂചിക. കേരളത്തിൽ മിക്കയിടങ്ങളിലും ഇപ്പോൾ 60 ശതമാനത്തിന് മുകളിലാണ് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ്. താപസൂചിക വ്യക്തമാക്കുന്ന ഭൂപടത്തിൽ കേരളത്തിൽ രണ്ടുനിറങ്ങളാണ് നൽകിയിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും. മഞ്ഞനിറമുള്ള പ്രദേശങ്ങളിൽ യഥാർഥത്തിൽ അനുഭവപ്പെടുന്ന ചൂട് 35 മുതൽ 45 ഡിഗ്രിവരെയാണ്. ഓറഞ്ചുനിറത്തിലുള്ള പ്രദേശങ്ങളിൽ 46 മുതൽ 55 വരെയും.
ഈ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ താപനില രണ്ടുമുതൽ നാല് ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പുനൽകിയിരുന്നു. ഈമാസം 19 വരെയും താപസൂചികയിൽ വലിയമാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. എന്നാൽ, 20 മുതൽ കൂടുതൽമഴയ്ക്ക് സാധ്യതയുണ്ട്.