സഞ്ചാർ സാഥി ഇനിമുതൽ കേരളത്തിലും:നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാം, പേരിൽ എത്ര മൊബൈൽ കണക‍്ഷനുണ്ടെന്ന് അറിയാം
സഞ്ചാർ സാഥി ഇനിമുതൽ കേരളത്തിലും. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന കേന്ദ്ര പോർട്ടലായ ‘സഞ്ചാർ സാഥി’ കേരളമടക്കമുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് നാളെയാണ്. 2019ല്‍ ആരംഭിച്ച സേവനം ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്.
നിലവിൽ പൊലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിങ് നടപടിക്രമങ്ങൾ ചെയ്യുന്നത്. ഇനി വ്യക്തികൾക്ക് സ്വന്തം നിലയിൽ തന്നെ ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നല്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം പ്രയോജനപ്പെടുത്തിയും ഫോണ് ഉപയോഗിക്കാനാകില്ല. ഫോൺ ഉടമസ്ഥന് തിരിച്ചു കിട്ടിയാൽ അൺബ്ലോക്ക് ചെയ്യുകയുമാകാം.
ബ്ലോക്ക് അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യാൻ
പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കുക.
നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉടൻ എടുക്കുക.
സഞ്ചാർ സാഥിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക.
www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ പകർപ്പ്, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷൻ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നൽകി സബ്മിറ്റ് ചെയ്യുക.
ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക.
പൊലീസ് വഴി നിലവിൽ സമാന റിക്വസ്റ്റ് പോയിട്ടുണ്ടെങ്കിൽ “Request already exist for..” എന്ന മെസേജ് ലഭിക്കും.
ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ ‘ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി’ അടക്കം നൽകുക.
‘Know your mobile connections’ എന്ന ടാബ് ഉപയോഗിച്ചാൽ നമ്മുടെ പേരിൽ എത്ര മൊബൈൽ കണക‍്ഷനുണ്ടെന്ന് അറിയാം.