പട്ടയം നിറച്ച പുഞ്ചിരിയില്‍ ഗ്രേസി പറഞ്ഞു;ഇനി മകനെ ജര്‍മ്മനിയില്‍ വിട്ട് പഠിപ്പിക്കണം
ചെറുതോണിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ നിന്ന് പട്ടയം സ്വീകരിച്ച് ഗ്രേസി ജോസഫ് എന്ന വീട്ടമ്മ കട്ടപ്പനയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുഞ്ചിരിയോടെ ഒരു ആഗ്രഹം കൂടി പങ്കുവച്ചു. മകന്‍ ജിജോയെ ഇനി ജര്‍മനിയില്‍ അയച്ച് പഠിപ്പിക്കണം. 2016 ല്‍ മേപ്പാറ കല്‍ത്തൊട്ടിയില്‍ വാങ്ങിയ 25 സെന്റ് ഭൂമിക്കാണ് ഒടുവില്‍ ഏഴാം വര്‍ഷത്തില്‍ പട്ടയം ലഭിച്ചതെന്ന് അവര്‍ സന്തോഷത്തോടെ പറഞ്ഞു. ഭര്‍ത്താവ് ജോസ് ജോസഫും മക്കളായ ജോമോന്‍, ജിജോ എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. കൂലിപ്പണിയും തൊഴിലുറപ്പും മൂത്തമകന്‍ ജോമോന്റെ ഡ്രൈവര്‍ ജോലിയുമൊക്കെയാണ് കുടുബത്തിന്റെ വരുമാന മാര്‍ഗം. ഇതിനിടയിലാണ് 24 കാരനായ രണ്ടാമത്തെ മകന്‍ ജിജോ ടൂറിസത്തില്‍ ഡിഗ്രി നേടിയതിന് ശേഷം ജര്‍മനിയില്‍ പോയി പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷേ ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ വായ്പ വാങ്ങാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ സ്വന്തം ഭൂമിയുടെ അവകാശം ലഭിച്ചതോടെ വൈകാതെ മകനെ വിദേശത്തു വിട്ട് പഠിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. ഒപ്പം പഴയ വീട് ഒന്ന് പുതുക്കി പണിയണം. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കാനൊരുങ്ങുകയാണന്നും ഗ്രേസി പറഞ്ഞു. പട്ടയം നല്‍കിയതിന് സര്‍ക്കാരിനും ഉദ്യോസ്ഥര്‍ക്കും നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.
ചിത്രം:
ചെറുതോണിയില്‍ നടന്ന പട്ടയമേളയില്‍ നിന്ന് പട്ടയം കൈപ്പറ്റിയ ശേഷം ഗ്രേസി ജോസഫ്