ഏഴ് കുടുംബങ്ങള്‍ക്ക് സ്വപ്ന സാഫല്യം;മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പട്ടയം
ഏഴു കുടുംബങ്ങളുടെ 30 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ സ്വപ്‌ന സാഫല്യമായി. ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ 7 കുടുംബങ്ങളാണ് നിറപുഞ്ചിരിയോടെ ജില്ലാതല പട്ടയമേളയില്‍ നിന്നും മടങ്ങിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് പൂര്‍വികര്‍ വാങ്ങുകയും പിന്നീട് പാരമ്പര്യമായി കൈമാറി വരുകയും ചെയ്ത ഭൂമിക്ക് പട്ടയം ലഭിക്കാതെ വന്നതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഭൂമിക്ക് വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ദുരിതത്തിലായിരുന്നു ഈ കുടുംബങ്ങള്‍. പട്ടയം ലഭിക്കാത്തതിനാല്‍ ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളൊന്നും തന്നെ സാധ്യമായിരുന്നില്ല. ഒടുവില്‍ സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധികാരിക രേഖകളോടെ പട്ടയം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബങ്ങള്‍. ഈ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗവും 80 കാരനുമായ വെള്ളാപ്പാറയ്ക്കല്‍ തങ്കപ്പന് സ്വന്തം ഭൂമിയില്‍ അന്തിയുറങ്ങുക എന്ന വലിയ സ്വപനത്തിനാണ് ഇതോടെ ചിറക് മുളച്ചത്. 10 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി വര്‍ഷങ്ങളായി ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. ഇനി സ്വന്തം പേരില്‍ ലഭിച്ച മണ്ണില്‍ ഭാര്യ കമലയുമായി ജീവിക്കാമല്ലോ എന്ന സന്തോഷം പട്ടയമേളയില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളങ്ങുന്നുണ്ടായിരുന്നു. വര്‍ധക്യത്തിലും അടി പതറാതെ പട്ടയത്തിനായി പോരാടിയ തങ്കപ്പനെ പോലുള്ള നിരവധിപേരുടെ ആഗ്രഹമാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലൂടെ പൂവണിയുന്നത്.
വെട്ടുകല്ലുമാക്കല്‍ സുനി സാബു, ചെമ്പന്‍പുരയിടത്തില്‍ സിനോ മണി, ബെന്നി പൂവത്തുങ്കല്‍, ഷിബി വാഴേക്കുടിയില്‍, മണി ജയകുമാര്‍, നീതു അജേഷ് മാന്താനത്ത് എന്നിവര്‍ക്ക് യഥാക്രമം 14, 31, 40, 61, 14, 10 സെന്റ് ഭൂമിയുടെ പട്ടയമാണ് ലഭിച്ചത്.
ചിത്രം;
വെള്ളാപ്പാറയ്ക്കല്‍ തങ്കപ്പന്‍ പട്ടയവുമായി