ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിവാദം ; നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്
ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച വിവാദം ഒടുവില്‍ സുപ്രീം കോടതിയിലേക്ക്. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഐഎസ്ഐഎസ് ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്ന് വനിതകളുടെ അവസ്ഥയാണ് വിവാദ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം.
തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായ തീരുമാനത്തേക്കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. ചിത്രം കേരളത്തില്‍ റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു.