ജില്ലയിലെ ഭൂ വിഷയങ്ങളിൽ സർക്കാർ ജനവഞ്ചന അവസാനിപ്പിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി


ജില്ലയിലെ ഭൂ പ്രശ്നങ്ങൾ – സർക്കാർ ജന വഞ്ചന അവസാനിപ്പിക്കണം
ജില്ലയിലെ ഭൂ വിഷയങ്ങളിൽ സർക്കാർ ജനവഞ്ചന അവസാനിപ്പിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു . പ്രശ്നപരിഹാരമുണ്ടാക്കേണ്ട സർക്കാർ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. ഭൂ പതിവ് ചട്ടഭേദഗതി, നിർമ്മാണനിരോധനം, പട്ടയ വിതരണം, സി എച്ച് ആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇവയിലെല്ലാം സർക്കാർ അനാസ്ഥ വ്യക്തമാണ്. ഭൂ പതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണ നിരോധനത്തിന്റേയും, സി എച്ച് ആറിലെ നിർമ്മാണ നിരോധനത്തിന്റേയും ഇരകൾ ജില്ലയിലെ സാധരണ ജനങ്ങളാണ്. ഈ നിരോധനങ്ങൾ നിലനിൽക്കുമ്പോഴാണ് ശാന്തൻപാറയിലും ബൈസൻവാലിയിലും സി പി എം ന് ബഹുനില ഓഫീസ് മന്ദിരങ്ങൾ നിർമ്മിക്കുന്നത്. ഇത് എന്ത് അനുമതിയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം.
ജില്ലയിലെ പട്ടയ വിതരണം പാതിവഴിയിൽ നിൽക്കേയാണ് 5 ഭൂ പതിവ് ഓഫീസുകളുടെ പ്രവർത്തനം മാർച്ച് 31ന് നിർത്താൻ സർക്കാർ ഉത്തരവിറക്കിയത്. ഈ വിഷയം പ്രതിപക്ഷ നേതാവ് സബ്‌മിഷനായി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പട്ടയ വിതരണം പൂർത്തിയാകുന്നത് വരെ ഓഫീസുകൾ തുടർന്ന് പ്രവർത്തിക്കാൻ അനുമതി നല്കുമെന്ന് റവന്യൂ മന്ത്രി പ്രതിപക്ഷനേതാവിന് നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. എന്നാൽ ഇന്നുവരെ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. മെയ് 11 ന് പട്ടയമേള നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി സർക്കാർ അനുമതിയില്ലാതെയാണ് 5 ഭൂ പതിവ് ഓഫീസുകൾ ജില്ലയിൽ പ്രവർത്തിക്കുന്നത്. ഈ കാലയളവിൽ തയാറാക്കുന്ന പട്ടയങ്ങൾ രവീന്ദ്രൻ പട്ടയങ്ങൾ പോലെ നിയമകുരിക്കിലാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
വ്യാപാര സ്ഥാപനങ്ങൾക്കും, 3 ചെയിൻ മേഖലയിലും, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയ തോപ്രാംകുടിയടക്കമുള്ള പ്രദേശങ്ങളിലേയും , ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലേയും പട്ടയനടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. യാതൊരു തുടർനടപടികളും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
1993 ലെ ഭൂ പതിവ് ചട്ടത്തിൽ കൃഷിക്കും താമസത്തിനും പുറമേ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്ന് പറയുന്നുണ്ട്. 2009 ൽ ഇടതുസർക്കാർ ഇറക്കിയ ഉത്തരവാണ് വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകുന്നതിന് തടസമായിരിക്കുന്നത്. ഈ ഉത്തരവിൽ കൃഷിക്കും താമസത്തിനും പുറമേ ചെറിയ കടമുറിക്ക്കൂടി മാത്രമേ പട്ടയം നൽകാൻ കഴിയുവെന്നാണ് പറഞ്ഞിട്ടുള്ളത്. പട്ടയം അനുവദിക്കാവുന്ന കടകളുടെ വിസ്തീകരണം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ വ്യാപാരസ്ഥാപനങ്ങൾക്ക് പട്ടയം നൽകാൻ കഴിയുവെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതും സർക്കാർ അനാസ്ഥമൂലം വൈകുകയാണ്. സാധാരണക്കാർ വ്യാപാര സ്ഥാപനത്തിന് പട്ടയത്തിന് അപേക്ഷിച്ചാൽ ലഭിക്കില്ലെങ്കിലും റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും ഈ നിയമം ബാധകമല്ല. സേനാപതിയിൽ സി പി ഐയുടെ പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന 3 നില കെട്ടിടത്തിന് രാജകുമാരി ഭൂമിപതിവ് ഓഫീസിൽ നിന്നും പട്ടയം നൽകിയ നടപടി ഇതിന് ഉദാഹരണമാണ്.
കാഞ്ചിയാർ അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ 3 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് സ്വകാര്യ ഏജൻസികളെ വെച്ച് സർവ്വേ നടത്തുകയും ഇതിനുള്ള ഫീസ് കർഷകരിൽ നിന്ന് ഈടാക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ പട്ടയനടപടികളിൽ നിന്ന് സർക്കാർ ഇപ്പോൾ പിന്നോക്കം പോയിരിക്കയാണ്. ഈ മേഖലയിൽ പട്ടയം നൽകിയാൽ മണ്ണൊലിപ്പിന് കാരണമാകുമെന്നും ആയതിനാൽ ഈ വിഷയം കൂടുതൽ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നുമാണ് 29/1/2019ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനം.
ഈ വിഷയങ്ങളിലും ഭൂ പതിവ് ചട്ടം ഭേദഗതി ചെയുന്നതിലും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 2019 ഡിസംബറിന് ശേഷം ആറ് ഉന്നതലയോഗങ്ങൾ മുഖ്യമന്ത്രി വിളിച്ചു ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ ജനുവരി 10 നാണ് ഒടുവിൽ യോഗം ചേർന്നത്. അന്ന് അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യാൻ ബിൽ കൊണ്ടുവരുമെന്ന് തീരുമാനിച്ചതാണ്. എന്നാൽ ഈ തീരുമാനവും നടപ്പായില്ല. സർക്കാരിന്റെ ഏഴാം വാർഷികത്തിൽ ഈ വിഷയങ്ങളിൽ മറുപടി പറയാൻ സർക്കാരും ഇടതുപക്ഷവും തയാറാവണം. വാർത്ത സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ, ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു