മഴയിലും തണുക്കാത്ത ആവേശം;എന്റെ കേരളം പ്രദര്‍ശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി.മേളക്ക് ലഭിച്ചത് സമാനതകളില്ലാത്ത ജനപങ്കാളിത്തം


രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശനവിപണന മേളക്കിടെ രസം കൊല്ലിയായി മഴയെത്തിയെങ്കിലും ആവേശം തണുക്കാതെ ആഘോഷപരിപാടികളെ നെഞ്ചേറ്റി ഹൈറേഞ്ച് ജനത. ഏപ്രില്‍ 28 ന് തുടങ്ങി ഏഴു ദിവസം നീണ്ടു നിന്ന മേളയെ അക്ഷരാര്‍ത്ഥത്തില്‍ ഇടുക്കിയിലെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആഘോഷ പരിപാടികളുടെ തുടക്കം മുതല്‍ മേളയ്ക്ക് വലിയ ജനപങ്കാളിത്തം ലഭിച്ചു. മേളയുടെ എല്ലാ ദിവസവും മഴ തിമിര്‍ത്ത് പെയ്തെങ്കിലും ആഘോഷ നഗരിയിലേക്കൊഴുകിയെത്തിയ ആളുകളുടെ എണ്ണത്തില്‍ തെല്ലും കുറവ് സംഭവിച്ചില്ല. പ്രതികൂല കാലാവസ്ഥ മേളയുടെ മാറ്റ് കുറക്കാതിരിക്കാനും സന്ദര്‍ശകര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനും സംഘാടക സമിതി കുറ്റമറ്റ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ ഒരുക്കിയത്. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിയാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തിയത് ആയിരങ്ങളാണ്. ഏഴ് ദിവസം നീണ്ട മേളയില്‍ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും സൗജന്യസേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും മടങ്ങിയത് ആയിരങ്ങളാണ്. വകുപ്പുകള്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകളിലും വാണിജ്യസ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളിലും ഒരേ പോലെ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഭക്ഷ്യമേളക്കും വലിയ സ്വീകാര്യത ലഭിച്ചു. വൈവിധ്യമാര്‍ന്ന രുചിയനുഭവങ്ങള്‍ ആസ്വദിച്ചറിയാന്‍ കുടുംബശ്രീ കഫേകളില്‍ ഇടവേളകളില്ലാതെ ഭക്ഷണപ്രിയരുടെ തിരക്കനുഭവപ്പെട്ടു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച സെമിനാറുകളിലും എല്ലാം ദിവസവും വൈകുന്നേരങ്ങളില്‍ അരങ്ങേറിയ കലാസന്ധ്യയിലും ഹൈറേഞ്ച് ജനതയുടെ വലിയ പങ്കാളിത്തമുണ്ടായി. പ്രാദേശിക കലാകാരന്മാര്‍ക്ക് അവസരം നല്‍കാനായി എല്ലാദിവസവും വൈകിട്ട് സംഘടിപ്പിച്ച പ്രത്യേക കലാവിരുന്നുകള്‍ക്ക് പ്രോത്സാഹനമായി വന്‍ജനക്കൂട്ടം തന്നെയെത്തി. ഏഴ് ദിവസം നീണ്ട ജില്ലാതല ആഘോഷപരിപാടികള്‍ക്കും എന്റെ കേരളം പ്രദര്‍ശന, വിപണന മേളക്കും വാഴത്തോപ്പ് ഗവ. വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ തിരശ്ശീല വീണപ്പോള്‍ ജനകീയ വികസനത്തോടുള്ള ഇടുക്കി ജനതയുടെ ആഭിമുഖ്യമാണ് വെളിപ്പെട്ടത്.
ചിത്രം:
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവസാന ദിവസം അനുഭവപ്പെട്ട തിരക്ക്