ലോക് ഡൗണ്‍; ഹൈറേഞ്ച് നിശ്ചലം, ടൗണുകളില്‍ ആളൊഴിഞ്ഞു
കട്ടപ്പന: ലോക് ഡൗണിന്റെ ആദ്യ ദിനം ഹൈറേഞ്ച് മേഖല നിശ്ചലം. കട്ടപ്പന അടക്കമുള്ള ടൗണുകളില്‍ ജനത്തിരക്ക് നന്നേ കുറവായിരുന്നു. കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ് വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. ജില്ലാ- സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി.
സത്യവാങ്മൂലം കൈയിലില്ലാതെ പുറത്തിറങ്ങിയവരെ പോലീസ് മടക്കി അയച്ചു. പുറത്തിറങ്ങിയവരില്‍ ഭൂരിഭാഗവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. കട്ടപ്പന സബ് ഡിവിഷനിലെ ആറ് പൊലീസ് സേ്റ്റഷനുകളുടെ പരിധികളിലും വാഹന പരിശോധനയും പട്രോളിങും നടത്തി. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 180ല്‍പ്പരം പോലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ കയറ്റിവന്ന വാഹനങ്ങള്‍ കമ്പംമെട്ട് അതിര്‍ത്തിയില്‍ തടഞ്ഞു. ഇന്നലെ രാവിലെ പത്തോളം വാഹനങ്ങള്‍ അതിര്‍ത്തിയിലെത്തിയിരുന്നു. തുടര്‍ന്ന് കമ്പംമെട്ട് പോലീസ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. സെമി ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.