മലമുകളിൽ നിന്ന് പാറ അടർന്ന് കാറിനു മുകളിലേക്ക് വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


മൂന്നാർ : മൂന്നാർ പെരിയവരക്ക് സമീപം ഓടികൊണ്ടിരുന്ന കാറിനു മുകളിലേക്ക് മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്നു വീണു. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിലൂടെ വാഹനം ഓടിച്ചു വന്ന സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.
അന്തോണി രാജിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താഴേക്കു പതിച്ച പാറ റോഡിനു മുകളിലെ മറ്റ് പാറക്കെട്ടിൽ ഇടിച്ച് തകർന്ന് രണ്ടായി പിളർന്നതിനാൽ ഒരു ഭാഗം മാത്രമാണ് വാഹനത്തിൽ ഇടിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
സമീപത്തെ വഴിയോരക്കച്ചവടക്കാരനാണ് സംഭവം നേരിട്ട് കണ്ടത്. പരിക്കേറ്റ അന്തോണി രാജിനെ മൂന്നാർ ടാറ്റ ഹൈറെഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്തോണിയുടെ വാഹനത്തിൽ ഇടിച്ച ശേഷം പാറ പെരിയവാര പുഴയിലേക്ക് പതിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പെരിയവാര പുഴയ്ക്ക് സമീപമുള്ള മണ്‍തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു.
രാജമലയിൽ സഞ്ചാരികളെ ഇറക്കി മൂന്നാർ ടൗണിലേക്ക് വരികയായിരുന്നു അന്തോണി രാജ്. അഗ്‌നിശമനാസേന എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചത്.