ഇടുക്കി ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിപി. എ. സിറാജുദീൻ ജില്ലാ ജഡ്ജിയായി നിയമിതനായി

തൊടുപുഴ :
മൂവാറ്റുപുഴ കെ. എസ്. ആർ. ടി. സി. ജംഗ്ഷന് സമീപം ജാസ് മൻസിലിൽ പരേതനായ ആദം റാവുത്തറുടെയും സുഹറ ബീവിയുടെയും മകനായ പി. എ. സിറാജുദീനെ ജില്ലാ ജഡ്ജിയായി നിയമിച്ചു. ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായി പ്രവർത്തിച്ചുവരവെയാണ് സ്ഥാനക്കയറ്റം.
1999 മുതൽ കേരള ഹൈക്കോടതിയിലും മൂവാറ്റുപുഴ ബാർ അസോസിയേഷനിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരവെ 2010-ൽ മാനന്തവാടി മുൻസിഫ് മജിസ്ട്രേറ്റായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. തുടർന്ന് ആലുവ, ചാലക്കുടി പാലാ എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും തലശ്ശേരിയിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും സേവനമനുഷ്ഠിച്ചു.
2021ലാണ് ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയായി നിയമിതനായത്. ജില്ലയിലെ കുട്ടികൾക്ക് വേണ്ടി, പ്രത്യേകിച്ച് ട്രൈബൽ മേഖലയിലുള്ള കുഞ്ഞുങ്ങൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയനായി.
മൂവാറ്റുപുഴ കാവുങ്കര തർബിയത്തുൽ ഇസ്ലാം ഹൈസ്ക്കൂൾ, മൂവാറ്റുപുഴ നിർമ്മല കോളേജ്, കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളേജ്, എറണാകുളം ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സിറാജുദീൻ, എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും എൽ. എൽ. എം. പൂർത്തിയാക്കി.
ഭാര്യ ലിംസ എച്ച്. ഡി. എഫ്. സി. ബാങ്ക് ഉദ്യോഗസ്ഥയാണ്. സ്ക്കൂൾ വിദ്യാർത്ഥികളായ ജെന്നയും മുന്നയുമാണ് മക്കൾ.