ആചാര്യന്മാരെക്കാൾ വലിയ ആസ്വാദകൻ ;ഇന്ന് ഉപാസന നാരായണൻകുട്ടിയുടെ പതിനേഴാം ചരമവാർഷികം
1995-ൽ കട്ടപ്പനയിൽ എത്തുമ്പോൾ ട്രൈബൽ സ്കൂളിലെ അധ്യാപകൻ ആയിരുന്ന മധു സാറിലൂടെയാണ് ഉപാസന നാരായണൻകുട്ടി സാറിനെ പരിചയപ്പെടുന്നത്. പരസ്യ ബോർഡുകളുടെ അടിയിൽ കാണുന്ന ‘ഉപാസന ‘എന്ന പേരിന്റെ ഉടമയെ ആദ്യമായി കണ്ടു.
അക്ഷര പ്രസ്സിലും ട്രൂ ഫിറ്റിലും ഉപാസന യിലും വെച്ച് എം. സി. കട്ടപ്പന തുടങ്ങിയ നാടകാചാര്യന്മാരെ പരിചയപ്പെട്ടു. ആചാര്യന്മാരെക്കാൾ വലിയ ആസ്വാദകൻ ആയിരുന്നു ഉപാസന. ആസ്വാദകന്റെ ഭാഗത്തു നിന്ന് നാടകത്തെ വിലയിരുത്തുന്നതിൽ ഉപാസനയോളം വന്നില്ല ആരും.
നാരായണൻ കുട്ടി സാറിന്റെ മകൻ ജ്യോതിസ് ട്രൈബൽ സ്കൂളിൽ ചേർന്നതോടെ സാർ രക്ഷാ കർത്താക്കളിൽ ഒരാളായി. ഭാര്യ വത്സമ്മ മാതൃ സംഘം ഭാരവാഹിയും ആയി. 1996-ൽ സ്കൂളിലെ ആദ്യത്തെ കയ്യെഴുത്തു മാസികയ്ക്കു കവർ വരച്ചു തന്നതും നാരായണൻ കുട്ടി സാർ ആയിരുന്നു.
അധ്യാപകസംഘടനആയ KSTA യുടെ സബ് ജില്ലാ പ്രസിഡന്റ് ആയി ഉപാസന തെരഞ്ഞെടുക്കപ്പെട്ടു. അതിന്റെ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ സാധിച്ചു.
ഈ കാലഘട്ടത്തിലാണ് തൊടുപുഴയിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. ജോസ് ആന്റണി സാറിനോടൊപ്പം ഉപാസനയും ഒരുക്കങ്ങളിൽ മുഴുകി.
ഒരു ദിവസം ഉപാസന ട്രൈബൽ സ്കൂളിൽ വന്നു. സ്റ്റാഫ് റൂമിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഗാന്ധിജിയുടെ ചിത്രം ആവശ്യപ്പെട്ടു. ആ ചിത്രം അസാധാരണ വലുപ്പത്തിൽ തൊടുപുഴ യിലെ കലോത്സവ വേദിയിൽ സ്ഥാപിക്കപ്പെട്ടു. അതോടൊപ്പം വിവേകാനന്ദ ന്റെ ചിത്രവും.
കൊമേഴ്‌സ്യൽ പെയിന്റിംഗ് രംഗത്ത് കട്ടപ്പന ക്കാരുടെ കഴിവ് ഇടുക്കിയും കേരളവും മനസ്സിലാക്കിയത് അന്നാണ്.
നരിയംപാറ MMHS ലെ തസ്തിക നഷ്ടപ്പെട്ടപ്പോൾ മലപ്പുറത്തേക്ക് ഉപാസനക്ക് പോകേണ്ടി വന്നു. നിരന്തരമായ യാത്രയും ഉറക്ക മിളപ്പും സാറിനെ രോഗിയാക്കി. സാറിന്റെ വേർപാട് അംഗീകരിക്കാൻ മനസ് ഇപ്പോഴും തയ്യാറായിട്ടില്ല.