അടുത്ത നിയമസഭ സമ്മേളനത്തില്‍ ജില്ലയിലെഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും-മന്ത്രി റോഷി അഗസ്റ്റിന്‍

*’എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളക്ക് തിരിതെളിഞ്ഞു
അടുത്ത നിയമസഭ സമ്മേളനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇടുക്കി ജില്ല 80 ലധികം ഭൂപ്രശ്‌നങ്ങളുടെ കുരുക്കിലായിരുന്നു. ഇതില്‍ മൂന്ന് പ്രശ്‌നങ്ങള്‍ ഒഴിച്ച് മറ്റു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ചു. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടയ വിഷയത്തില്‍ രേഖകള്‍ പരിശോധിച്ചു വരുകയാണ്. വിവിധ വകുപ്പുകളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അതിദാരിദ്രനിര്‍മാര്‍ജന പദ്ധതി ഈ സര്‍ക്കാരിന്റെ കരുണാര്‍ദ്രമായ മുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഈ പ്രദര്‍ശന വിപണന മേള. ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ അവസരം ലഭിക്കുകയാണ് ഇതുവഴി. പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ബഹുനില മന്ദിരങ്ങളായി. അതുവഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തി. ആരോഗ്യ മേഖലയിലും വലിയ തോതിലുള്ള മാറ്റമാണ് സംഭവിച്ചത്. ഇടുക്കിയുടെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ നേട്ടമാണ് ഇടുക്കി മെഡിക്കല്‍ കോളേജ്. വരും വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ റോഡുകളുടെ നിലവാരം ഉയര്‍ന്നു. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളുടെ ഗണത്തിലേക്ക് ഇടുക്കിയിലെ റോഡുകള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വ്യാവസായിക മാറ്റത്തിനാണ് സംസ്ഥാനം ഇക്കാലയളവിനിടെ സാക്ഷ്യം വഹിച്ചത്. കേന്ദ്രം നിര്‍ത്തലാക്കാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 23 പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന പുതിയ സംരംഭങ്ങള്‍ രൂപപ്പെടുത്താനായെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം ആശംസിച്ചു. ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, തൊടുപുഴ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി സത്യന്‍, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, അഡ്വ. ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഉപഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിനോദ് ജി എസ്, വിവിധ രാഷ്ട്രീയ-സാമൂഹിക പാര്‍ട്ടി നേതാക്കളായ കെ സലിം കുമാര്‍, കെ ഐ ആന്റണി, അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, സി എം അസീസ്, പി കെ ജയന്‍, സിബി മൂലേപ്പറമ്പില്‍, എം എം സുലൈമാന്‍, ഷാജി കാഞ്ഞമല, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം, സംഘാടകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.