ആദായനികുതി റിട്ടേൺ: ഫോം 16 ഇല്ലാതെ ITR ഫയൽ ചെയ്യുന്നത് എങ്ങനെ?
വ്യക്തികളും ബിസിനസുകളും നിര്‍ബന്ധമായും പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത്. ഇത് നിയമപരമായ ആവശ്യകത മാത്രമല്ല, ഇതിന് നിരവധി നേട്ടങ്ങളും ഉണ്ട്. ഒന്നാമതായി, ഇത് പാലിക്കുന്നതിലൂടെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അനുസരിക്കാത്തതിന് ലഭിക്കുന്ന പിഴകളോ നിയമ നടപടികളോ ഒഴിവാക്കാനും സാധിക്കും.
കൂടാതെ, വ്യക്തികള്‍ക്ക് അവര്‍ നികുതി കൂടുതലായി അടച്ചിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ടാക്സ് ക്രെഡിറ്റുകള്‍ക്കോ കിഴിവുകള്‍ക്കോ യോഗ്യതയുള്ളവരാണെങ്കില്‍ റീഫണ്ടുകള്‍ ക്ലെയിം ചെയ്യേണ്ടത് ആവശ്യമാണ്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെ ഇത് സാധിക്കും.
നികുതി റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്യുന്നതിലൂടെ, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അധികൃതർ നടത്തുന്ന ഓഡിറ്റ് ഒഴിവാക്കാനാകും, ഇത് ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. അതിനാല്‍ തന്നെ, ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ ഒരു സുപ്രധാന കാര്യമാണ്. കൂടാതെ റീഫണ്ടുകൾ, മെച്ചപ്പെട്ട ക്രെഡിറ്റ് യോഗ്യത പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.
*ഫോം 16 ഇല്ലാതെ എങ്ങനെ ഐടിആര്‍ ഫയല്‍ ചെയ്യാം?*
ഫോം 16 എന്നത് ഒരു തൊഴിലുടമ ഒരു ജീവനക്കാരന് നല്കുന്ന ഒരു രേഖയാണ്, ഇതില്‍ ജീവനക്കാരന്റെ ശമ്പളം, ടിഡിഎസ്, മറ്റ് പ്രസക്തമായ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ ഫോം 16 ഉണ്ടായിരിക്കുന്നത് പൊതുവെ ഉപയോഗപ്രദമാണെങ്കിലും, അത് നിര്‍ബന്ധമല്ല എന്നുള്ളതാണ് വസ്തുത.
നിങ്ങള്‍ക്ക് ഫോം 16 ഇല്ലെങ്കിലും, നിങ്ങളുടെ വരുമാനവും നികുതിയും സംബന്ധിച്ച മറ്റ് രേഖകളും വിവരങ്ങളും നൽകി ഐടിആര്‍ ഫയല്‍ ചെയ്യാവുന്നതാണ്. പേസ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റ് പ്രസക്തമായ സാമ്പത്തിക രേഖകളും ഉപയോഗിച്ച് വരുമാനവും നികുതിയും കണക്കാക്കാവുന്നതാണ്. പ്രസ്തുത സാമ്പത്തിക വര്‍ഷത്തിലെ കൃത്യമായ നികുതി നിരക്കുകള്‍ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കൂടാതെ, നികുതിയിളവിന് അര്‍ഹമായ എന്തെങ്കിലും നിക്ഷേപങ്ങളോ ചെലവുകളോ നിങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, അവയുടെ രേഖകളും സൂക്ഷിക്കണം. ഉദാഹരണത്തിന്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), നാഷണല്‍ പെന്ഷന് സിസ്റ്റം (NPS) എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അല്ലെങ്കില്‍ നികുതി ലാഭിക്കാവുന്ന മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, ആദായനികുതി നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ക്ക് കീഴില്‍ നിങ്ങള്‍ക്ക് കിഴിവ് ക്ലെയിം ചെയ്യാവുന്നതാണ്.
*ഫോം 16 ഇല്ലാത്ത വ്യക്തികള്‍ക്ക് ഫോം 26 എഎസ്*
ഒരു നികുതിദായകനെ പ്രതിനിധീകരിച്ച് സര്‍ക്കാരില്‍ നിക്ഷേപിക്കുന്ന എല്ലാ നികുതികളുടെയും വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു ഏകീകൃത നികുതി പ്രസ്താവനയാണ് ഫോം 26AS. ഒരു നികുതിദായകന്റെ അക്കൗണ്ടിലെ ടാക്സ് ക്രെഡിറ്റ് പ്രതിഫലിപ്പിക്കുന്ന ഒരു സ്റ്റേററ്മെന്റാണിത്.
*ഫോമില്‍ ഇനിപ്പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്നു*:
▫️ശമ്പളം, പലിശ വരുമാനം, വാടക, മറ്റ് സ്രോതസ്സുകള്‍ എന്നിവയിലെ ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) വിശദാംശങ്ങള്‍.
▫️ടിസിഎസ് വിശദാംശങ്ങള്‍.
നികുതിദായകന് അടച്ച അഡ്വാന്‍സ് ടാക്സ്/സെല്‍ഫ് അസെസ്മെന്റ് ടാക്സ്/റെഗുലര്‍ അസസ്മെന്റ് ടാക്സ് എന്നിവയുടെ വിശദാംശങ്ങള്‍.
▫️പ്രോപ്പര്‍ട്ടി വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ മുതലായ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളുടെ വിശദാംശങ്ങള്‍.
▫️ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച നികുതി റീഫണ്ടുകളുടെ വിശദാംശങ്ങള്‍.
▫️ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഈ ഫോം ഉപയോഗിക്കാവുന്നതാണ്.
നികുതിദായകര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് ഇത് ആക്സസ് ചെയ്യാന്‍ കഴിയും. നികുതിദായകര്‍ അടയ്ക്കുന്ന നികുതികള്‍ പരിശോധിച്ചുറപ്പിക്കാനും അവരുടെ നികുതി റിട്ടേണുകളുമായി ഇത് പൊരുത്തപ്പെടുത്തപ്പെടുന്നുണ്ടോയെന്ന് നോക്കാനും സഹായിക്കുന്ന ഒരു പ്രധാന രേഖയാണിത്.
ഫോം 16 ഇല്ലാതെ നിങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുമെങ്കിലും, അത് ഉള്ളത് പ്രക്രിയ എളുപ്പവും കൂടുതല്‍ ലളിതവുമാക്കും.