സംസ്ഥാനത്ത് വേനൽ മഴയിൽ 38 ശതമാനം കുറവ്; ഏറ്റവും കുറവ് വടക്കൻ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയില്‍ ഇതുവരെ 38 ശതമാനത്തിന്റെ കുറവ്. മാര്‍ച്ച് ഒന്നിന് തുടങ്ങിയ വേനല്‍ക്കാലം ഒന്നരമാസം പിന്നിടുമ്പോഴാണ് 38 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത്.ഏപ്രില്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ 60 ശതമാനം മഴക്കുറവാണ് കേരളത്തില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിരുന്നില്ല.
വടക്കന്‍ ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. കണ്ണൂരിലാണ് വേനല്‍മഴ ഏറ്റവും കുറവ് ലഭിച്ചത്. 100 ശതമാനം മഴ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസര്‍കോട് ജില്ലയില്‍ 94 മഴ കുറവും രേഖപ്പെടുത്തി. 82 ശതമാനം മഴ കുറവാണ് തൃശൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ട ജില്ലയില്‍ രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ സാധാരണ അളവില്‍ മഴ ലഭിക്കുകയും ചെയ്തു.
മഴ കുറഞ്ഞതും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവും ഉത്തരേന്ത്യയില്‍ നിന്നും ചൂട് കാറ്റ് വീശിയതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണമായത്. ഈര്‍പ്പമേറിയ കാറ്റ് വീശാനുള്ള സാധ്യത കൂടിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് താപനില എവിടെയും രേഖപ്പെടുത്തിയിരുന്നില്ല. ഏറ്റവും ഉയര്‍ന്ന താപനിലയായി പാലക്കാട് ജില്ലയില്‍ 38.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അടുത്തയാഴ്ചയോടെ മെച്ചപ്പെട്ട മഴ കിട്ടിത്തുടങ്ങാനാണ് സാധ്യത.