ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമം യുവതിയും സുഹൃത്തും അറസ്റ്റിൽ; തട്ടിയത് 5 ലക്ഷത്തിലേറെ
കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്.
അതിന് ശേഷം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. അപ്പോൾ തന്നെ നാൽപത്തി നാലായിരം രൂപ വാങ്ങുകയും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാർ നസീമയും നസീമയുടെ സുഹൃത്തായിട്ടുള്ള അമീനും ചേർന്ന് കൊണ്ടുപോകുകയും ചെയ്തു. കാർ പിറ്റേന്ന് തിരിച്ചു കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് അഞ്ച് ലക്ഷത്തി നാൽപത്തിനാലായിരം രൂപ ഇവർ വാങ്ങുകയും ചെയ്തത്. വീണ്ടും 5 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.