ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന്,പാംബ്ളാനി പിതാവിനെ സന്ദർശിച്ച ശേഷം കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ
ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന്, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഇന്നലെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പിനെ സുധാകരൻ കണ്ടത്.
ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരാണ്. സ്വാതന്ത്ര്യ കാലം മുതൽ ഇന്നു വരെ കോൺഗ്രസിനെ കൈവിട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. കേരളത്തിലെ വൈദിക സമൂഹത്തോട് ഒരു അവിശ്വാസവും കോൺഗ്രസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നേരിടുന്ന അനുഭവങ്ങൾ അവർക്ക് നന്നായി അറിയാമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
മാർ ജോസഫ് പാമ്പ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംതൃപ്തിയുണ്ട്. ചർച്ച ആശാവഹമായിരുന്നു. കോൺഗ്രസിനെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു കാലമുണ്ടാകില്ല. ബിജെപിയുടെ നീക്കത്തിൽ ആശങ്കയില്ല. ബിജെപി നേതാക്കളുടെ സന്ദർശനം കൊണ്ട് ഒരു ചുക്കും കിട്ടാനില്ല. വന്നതുപോലെ അവർ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.